വെള്ളനാട്: വെള്ളനാട് പഞ്ചായത്തിലെ കടുക്കാമൂട് പ്രദേശത്തും ഹരിജൻ കോളനിയിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് മാസത്തോളമായി ഈ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. ഇവിടുത്തെ പമ്പ് ഹൗസിൽ പലപ്പോഴും പമ്പിംഗ് നടക്കാത്തതാണ് കുടിവെള്ള പ്രശ്നത്തിന് കാരണമാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വല്ലപ്പോഴും കുടിവെള്ളം ലഭിക്കാറുണ്ട്.
കുടിവെള്ളം കിട്ടാതായതോടെ ഈ പ്രദേശത്തുകാർക്ക് ദൂരെ സ്ഥലങ്ങളിൽ നിന്നും കുടിവെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്. ഇവിടത്തെ കുടുവെള്ള പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കിൽ വാട്ടർ അതോറിട്ടി ഓഫീസ് പടിക്കൽ സമരം തുടങ്ങുമെന്ന് പി.കെ.എസ് കരിങ്കുറ്റി യൂണിറ്റ് സെക്രട്ടറി ജപമണിയും ഏരിയാക്കമ്മിറ്റിയംഗം പി. മോഹനനും അറിയിച്ചു.