vp-joy

സി.വി പ്രതിമയുടെ അനാവരണം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: മലയാള സാഹിത്യത്തിന്റെ മഹത്തായ പൈതൃകമാണ് സി.വി രാമൻപിള്ളയെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്. സി.വി രാമൻപിള്ളയുടെ ചരമശതാബ്ദിയോടനുബന്ധിച്ച് സി.വി. രാമൻപിള്ള നാഷണൽ ഫൗണ്ടേഷൻ പബ്ളിക് ലൈബ്രറിയിൽ സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ രണ്ടാം ദിവസത്തിൽ കാവ്യാർച്ചനയുടെയും സി.വി പാരായണത്തിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ.വി.മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രൊഫ. അലിയാർ, ഡോ. അന്നപൂർണാ ദേവി എന്നിവർ സി.വി കൃതികളുടെ പാരായണം നടത്തി. പ്രൊഫ.വി. കാർത്തികേയൻ,ഡോ.കെ.എസ്. രവികുമാർ, ഡോ.ജോർജ് ഓണക്കൂർ,ആർ. നന്ദകുമാർ, ആനന്ദൻ എന്നിവർ സംസാരിച്ചു. സി.വി സാംസ്‌കാരികോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സി.വി പ്രതിമയുടെ അനാവരണം നിർവഹിക്കും. അടൂർ ഗോപാലകൃഷ്ണൻ പുഷ്പാർച്ചന നടത്തും. സി.വിയെപ്പറ്റി കുമാരനാശാൻ എഴുതിയ 'നിന്നു പോയ സിംഹനാദം' എന്ന കവിത പ്രൊഫ.വി.മധുസൂദനൻ നായർ ആലപിക്കും. ഡോ.ബിന്ദു അദ്ധ്യക്ഷയാകുന്ന യോഗത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ദേശീയതല സി.വി സാഹിത്യ പഠന പരിപാടികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. സി.വിയുടെ ഒരേയൊരു സാമൂഹ്യനോവലായ പ്രേമാമൃതത്തിന്റെ സി.വി ചരമശതാബ്ദി പതിപ്പ് മന്ത്രി സജി ചെറിയാൻ സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭനയ്ക്കു നൽകി പ്രകാശനം ചെയ്യും. മന്ത്രി ആന്റണി രാജു സി.വി വ്യാഖ്യാനകോശം പബ്ളിക് ലൈബ്രറിക്ക് സമർപ്പിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ. അനിൽ, പ്രൊഫ.എം.കെ.സാനു ,ഡോ.എം.എൻ.കാരശേരി, പ്രഭാവർമ്മ എന്നിവർ സംസാരിക്കും.