
തിരുവനന്തപുരം : ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ നേട്ടം കൈവരിച്ച കേരളത്തിന് കേന്ദ്ര പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്‌കാരത്തിൽ സിൽവർ കാറ്റഗറിയിലാണ് സംസ്ഥാനം. സംസ്ഥാനങ്ങളുടെ പട്ടികയിൽ സിൽവർ കാറ്റഗറിയിൽ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമാണ് കേരളം. 50 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 2015നെ അപേക്ഷിച്ച് 2021ൽ 40 ശതമാനത്തിലധികം ക്ഷയരോഗ നിരക്ക് കുറഞ്ഞത് അടിസ്ഥാനമാക്കിയാണ് പുരസ്കാരം.
മികച്ച പ്രവർത്തനം നടത്തിയ ജില്ലകളുടെ വിഭാഗത്തിൽ മലപ്പുറവും വയനാടും ഗോൾഡ് കാറ്റഗറിയിൽ പുരസ്‌കാരം നേടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകൾക്ക് സിൽവർ കാറ്റഗറിയിലും എറണാകുളം, കണ്ണൂർ ജില്ലകൾക്ക് ബ്രോൺസ് കാറ്റഗറിയിലും പുരസ്‌കാരം ലഭിച്ചു.