
തിരുവനന്തപുരം: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജിംഗുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ഉണ്ടായ കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു.
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തെ തുടർന്നാണ് സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തുറമുഖ-മത്സ്യബന്ധന വകുപ്പ് ഉത്തരവിറക്കി.
2009 മുതൽ 2014 വരെ തുറമുഖ ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ കാലത്ത് തുറമുഖങ്ങളുടെ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഡ്രഡ്ജിംഗിൽ ക്രമക്കേട് നടന്നതായാണ് കേസ്. ഇതിനെതിരെ ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചു. വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും വകുപ്പുമേധാവിക്കെതിരെ കേസെടുക്കുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത് ശരി വച്ചാണ് ഹൈക്കോടതി എഫ്.ഐ.ആർ റദ്ദാക്കാൻ ഉത്തരവിട്ടത്.