manjunath

കാഞ്ഞങ്ങാട് മടിക്കൈ കറുകവളപ്പിലെ പ്രഭാകരന്റെ വീട്ടിൽ നിന്നും അശോകനും കൂട്ടാളിയും കവർന്ന സ്വർണ്ണാഭരണങ്ങളിൽ ഒരു ഭാഗവും ഒരു മൊബൈൽ ഫോണും കണ്ടെത്തി. ഒളിവിൽ കഴിയുന്ന അശോകന്റെ കൂട്ടാളി ബന്തടുക്കയിലെ സ്വകാര്യബസ് കണ്ടക്ടർ മഞ്ജുനാഥനിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. റിമാൻഡിൽ കഴിയുകയായിരുന്ന മഞ്ജുനാഥിനെ കഴിഞ്ഞ ദിവസം അമ്പലത്തറ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്നേ മുക്കാൽ പവൻ സ്വർണ്ണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. ചോദ്യംചെയ്യലിലാണ് രണ്ടു പവൻ സ്വർണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അവശേഷിക്കുന്ന സ്വർണം അശോകന്റെ കൈവശമാണുള്ളതെന്ന് മഞ്ജുനാഥ് പൊലീസിനോട് പറഞ്ഞു. ഹൊസ്ദുർഗ് കോടതി കസ്റ്റഡിയിൽ വിട്ട മഞ്ജുനാഥിനെ അമ്പലത്തറ എസ്.ഐ മധുസൂദനൻ മടിക്കൈയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
കാസർകോട്ടെ ജ്വല്ലറിയിൽ നിന്നാണ് ഉരുക്കിയ സ്വർണ്ണം കണ്ടെത്തിയത്.പ്രതി ഇവിടെ വിൽപ്പന നടത്തിയതാണ്. കാസർകോട്ടെ കടയിൽ വിറ്റ സാംസംഗ് കമ്പനി ഫോണും പോലീസ് പിടിച്ചെടുത്തു. മുഖ്യ പ്രതി അശോകൻ ഇപ്പോഴും മടിക്കൈ കാട്ടിനുള്ളിലാണ്.