വിതുര: കുരങ്ങനെ പിടിക്കാൻ ശ്രമിച്ച പുലിയും കുരങ്ങനും വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചത്തു. പാലോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള കല്ലാർ ഇടിയക്കോവിൽ വനമേഖലയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വനപാലകർ കുരങ്ങനെയും പുലിയെയും ചത്തനിലയിൽ കണ്ടെത്തിയത്.
കല്ലാറിൽ നിന്ന് പൊന്മുടിയിലേക്ക് പോകുന്ന വൈദ്യുതി ലൈനിൽ ഇടിയക്കോവിൽ ഭാഗത്ത് കുരങ്ങനെയും തൊട്ടുതാഴെ തറയിൽ പുലിയെയും ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. പുലി ഓടിക്കുന്നതിനിടയിൽ കുരങ്ങൻ വൈദ്യുതി പോസ്റ്റിൽ കയറിയപ്പോൾ ഷോക്കേറ്റതെന്നാണ് കരുതുന്നത്. കൂടെ കയറിയ പുലിയും ഷോക്കേറ്റ് വീഴുകയായിരുന്നു.
പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പുലിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി. പുലിയുടെയും കുരങ്ങന്റെയും ജഡം കല്ലാർ വനത്തിൽ മറവ് ചെയ്തു. കല്ലാർ മേഖലയിൽ പുലിശല്യം വർദ്ധിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് കല്ലാർ മൊട്ടമൂട്, ആറാനക്കുഴി ആദിവാസി മേഖലയിൽ പുലിയിറങ്ങി വളർത്തുനായ്ക്കളെ പിടികൂടിയിരുന്നു. മരുതാമാല ജഴ്സിഫാമിലും പുലിയിറങ്ങി ഭീതി പരത്തിയിരുന്നു. പുലിയെ പിടിക്കാൻ വനപാലകർ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാൻ സാധിച്ചില്ല.