
ആലുവ: മണപ്പുറത്ത് ശിവരാത്രി കച്ചവടത്തിനെത്തിയവർ തമ്മിൽ മദ്യലഹരിയിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. വടുതലയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ദിലീപ് (45) ആണ് മരിച്ചത്. ആലുവ ഓൾഡ് ദേശം റോഡിൽ മാളിയേക്കൽ വീട്ടിൽ സലിം (57), കടവന്ത്ര ഉദയനഗർ കോളനിയിലെ രാജ്കുമാർ (രാജു - 68) എന്നിവർ അറസ്റ്റിലായി.
ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. മണപ്പുറത്ത് കുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന സ്റ്റാൾ നടത്തുന്ന സലീമിന്റെ സഹായികളായിരുന്നു കൊല്ലപ്പെട്ട ദിലീപും രാജ്കുമാറും. മൂവരും തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം സംഘട്ടനത്തിലെത്തുകയായിരുന്നു. തുടർന്ന് രാജ്കുമാറും സലീമും ചേർന്ന് ദിലീപിനെ മരകൊമ്പിന് അടിച്ച് കൊലപ്പെടുത്തി. എതിർവശം ലോഹിതദാസ് സ്മൃതി മണ്ഡപത്തിൽ ഇരുന്ന ഒരാൾ ദൃശ്യങ്ങളെല്ലാം മൊബൈലിൽ പകർത്തിയിരുന്നു. ഇയാളാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
വാർഡ് കൗൺസിലർ ദിവ്യ സുനിൽകുമാർ പൊലീസിനെ വിളിച്ചുവരുത്തി അവശനിലയിലായിരുന്ന ദിലീപിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ സി.ഐ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.