
നിയമം കൈയിലെടുക്കാൻ ഒരു പൗരനും അവകാശമില്ല. അതിന് സർക്കാർ ഏജൻസികളുണ്ട്. അവരാണ് അത് ചെയ്യേണ്ടത്. എന്നാൽ നാട്ടുകാരെന്ന പേരിൽ ചില അക്രമികൾ സദാചാര പൊലീസിംഗ് ഒരു അവകാശം പോലെ നടത്തിവരാറുണ്ട്. പരിചയമില്ലാത്ത ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ച് പോകുന്നത് കണ്ടാൽ അവരെ തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുന്നതും കൈയേറ്റം ചെയ്യുന്നതും ഒരു കലാപരിപാടിയായി കൊണ്ടുനടക്കുന്ന ഒരുകൂട്ടം അക്രമികൾ നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ പലയിടത്തുമുണ്ട്.
സദാചാര പൊലീസിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാത്ത സ്ഥലങ്ങൾ വളരെ കുറവാണ്. സദാചാരം നടപ്പാക്കാൻ ഇക്കൂട്ടരെ ആരും ഏൽപ്പിച്ചിട്ടില്ല. എന്നാൽ ഇവർ സ്വയം ഇതിന് തുനിഞ്ഞിറങ്ങും. മിക്കവാറും മറ്റ് യാതൊരു പണിയുമില്ലാതെ കഴിയുന്നവരും ആളുകളെ വിരട്ടി പണം പിടുങ്ങാൻ ഉദ്ദേശ്യമുള്ളവരുമാണ് സദാചാര പൊലീസിംഗിന് ഇറങ്ങുന്നത്.
സദാചാര ആക്രമണങ്ങൾ പരിധി വിടുമ്പോൾ മാത്രമാണ് പരാതിയും കേസുമൊക്കെ ആകുന്നത്. നാണക്കേട് ഭയന്ന് പണം നൽകിയും ആഭരണങ്ങൾ ഉൗരി നൽകിയും എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് ഇരകൾ ശ്രമിക്കുക. പൊലീസിൽ പരാതി എത്തില്ലെന്ന് അറിയാവുന്നതിനാൽ കപട സദാചാര ഗുണ്ടകൾ പരമാവധി മുതലെടുക്കുന്ന രീതിയിൽ വിളയാട്ടം തുടരുകയും ചെയ്യും. ഇനി അഥവാ കേസായാൽ പോലും കോടതികളിൽ എത്തുമ്പോൾ പരാതി പിൻവലിച്ച് ഒത്തുതീർപ്പാകുന്നതാണ് പതിവ്. ഇതാകട്ടെ വൃത്തികെട്ട മാനസികാവസ്ഥയുള്ള അക്രമികളുടെ തേർവാഴ്‌ച അടിക്കടി കൂടിവരാനും ഇടയാക്കുന്നു. യഥാർത്ഥത്തിൽ പോക്സോ കേസിന് സമാനമായ ശിക്ഷയ്ക്ക് അർഹരാണ് സദാചാര പൊലീസിംഗ് നടത്തുന്നവരും. എന്നാൽ പൊലീസ് ഇത്തരം കേസുകൾ ഗൗരവമായി സമീപിക്കാറില്ല. സദാചാര പൊലീസിംഗ് കൂടിവരാനുള്ള ഒരു കാരണവും അതാണ്. എന്നാൽ പരാതിക്കാരനുമായി ഒത്തുതീർപ്പിലായാലും സദാചാര പൊലീസിംഗുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയത് നല്ല ദിശയിലുള്ള സൂചനയാണ്. ഇങ്ങനെയുള്ള കേസുകൾ റദ്ദാക്കുന്നത് സമൂഹത്തിന് തെറ്റായ സൂചന നൽകുമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. മറ്റൊരു മതത്തിൽപ്പെട്ട യുവതിയുമായി കാറിൽ പോയെന്ന കാരണത്താൽ കണ്ണൂർ സ്വദേശി ആക്രമിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്ത് പ്രതികൾ ഉൾപ്പെട്ട കേസാണ് റദ്ദാക്കാനാവില്ലെന്ന് ജസ്റ്റിസ് കെ. ഹരിപാൽ ഉത്തരവിട്ടത്. കേസ് റദ്ദാക്കാൻ കാസർകോട് സ്വദേശികളായ പ്രതികൾ നൽകിയ ഹർജി കോടതി തള്ളുകയും ചെയ്തു. 2017 ജൂലായ് 23ന് കാർ തടഞ്ഞ് മാരകായുധങ്ങളുമായി പ്രതികൾ ആക്രമിച്ചെന്നാണ് കേസ്. പരാതിക്കാരനുമായി ഒത്തുതീർപ്പായതിനാൽ സെഷൻസ് കോടതിയിലുള്ള കേസ് റദ്ദാക്കാൻ അനുമതി തേടിയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. പലപ്പോഴും സദാചാര വിരുദ്ധരാണ് സദാചാര പൊലീസിംഗ് നടത്തുന്നത് എന്നതാണ് വാസ്‌തവം. അതിനാൽ ഇവർ ഒരു തരത്തിലുമുള്ള ഇളവിന് അർഹരല്ല. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി തുറിച്ച് നോക്കുന്ന കപട സദാചാര സമീപനം ചിലരെ ഒരു രോഗം പോലെ പിടികൂടിയിട്ടുണ്ട്. ഇത്തരം ദുരാത്‌മാക്കൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണം. അതിനാൽ ഒത്തുതീർപ്പായാലും കേസ് റദ്ദാക്കാനാവില്ല എന്ന കോടതിയുടെ സമീപനം പ്രതീക്ഷയ്ക്ക് വകനൽകുന്നു.