
ഏപ്രിൽ ഒന്നിന് വൈദ്യുതി ഭവനിൽ തുടക്കം
തിരുവനന്തപുരം: ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തിയതിന് പിന്നാലെ കെ.എസ്.ഇ.ബി.യിൽ പുതിയ പരീക്ഷണമായി ഏപ്രിൽ ഒന്നുമുതൽ വർക്ക് ഫ്രം ഹോം
സാങ്കേതികേതര ജീവനക്കാർക്കാണ് ഈ സൗകര്യം. വൈദ്യുതി ഭവനിലാണ് തുടക്കം. വിജയിച്ചാൽ മറ്റ് സെക്‌ഷനുകളിലും നടപ്പാക്കും.
ജീവനക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം വിപുലമാക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക് പറഞ്ഞു. തുടക്കത്തിൽ ഭിന്നശേഷിക്കാർക്കും സ്‌കൂളിൽ പോകാത്ത കുട്ടികളുള്ള അമ്മമാർക്കും സിംഗിൾ രക്ഷാകർത്താക്കൾക്കുമാണ് മുൻഗണന.
വൈദ്യുതി ഭവനിലെ 300 ഒാഫീസർമാർക്കും 900 ജീവനക്കാർക്കും ലാപ്ടോപ്പ് നൽകി. വീഡിയോ കോൺഫറൻസിംഗ്, ഇ ഒാഫീസ് സോഫ്റ്റ്‌വെയറുകളും ഒാഫീസിൽ ഇ - സർവെയ്ലൻസും ഒരുക്കി. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള മാർഗനിർദ്ദേശങ്ങളും ജീവനക്കാർക്ക് നൽകി.
ഒാരോ സെക്‌ഷനിലും 20ശതമാനം പേർക്കേ ഒരേസമയം വീട്ടിലിരുന്ന് ജോലി അനുവദിക്കൂ. ജനങ്ങളുമായി ബന്ധപ്പെടേണ്ട സെക്‌ഷനുകളിൽ പത്തു ശതമാനം പേർക്കായിരിക്കും അനുമതി.
വീട്ടിലിരുന്ന് ജോലി
തുടക്കത്തിൽ മാസത്തിൽ നാലു ദിവസം
തുടർച്ചയായി രണ്ട് മാസങ്ങളിലായി എട്ട് ദിവസം.
വർഷത്തിൽ നാല് മാസങ്ങളിലായി 16 ദിവസം
ആറു മണിക്കൂർ സേവനം ഉറപ്പാക്കണം
10 മുതൽ 6 വരെ ഫോണിൽ കിട്ടണം.
വീഡിയോ കോൺഫറൻസിൽ മാന്യമായ വസ്ത്രം ധരിക്കണം.
കൊവിഡ് കാലത്താണ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി സർക്കാർ അനുവദിച്ചത്. ഇതിനായി സർവ്വീസ് വ്യവസ്ഥ ഭേദഗതി ചെയ്‌തിരുന്നു. കൊവിഡ് കുറഞ്ഞതോടെ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചു. പ്രത്യേക കമ്പനിയായതിനാൽ കെ.എസ്.ഇ.ബിക്ക് തുടരാൻ നിയമതടസമില്ല. പരിമിതമായി ഫയലുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് മാത്രമാണിത് അനുവദിക്കുന്നത്. പ്രയോജനം മേലുദ്യോഗസ്ഥർ വിലയിരുത്തിയ ശേഷം തുടരണോ, മറ്റ് ഒാഫീസുകളിലേക്ക് വ്യാപിപ്പിക്കണോ എന്നൊക്കെ തീരുമാനിക്കും.