ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. ശ്യാമപ്രസാദ് മുഖർജി റൂറൽ റർബൺ മിഷൻ വഴി ലഭിച്ച മൂന്ന് കോടിയിലധികം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയും പതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. കുടിവെള്ളത്തിനായി പ്രദേശവാസികൾ കിലോമീറ്ററും കുന്നുമലയും താണ്ടേണ്ട ഗതികേടിലാണ്.
ജൽ ജീവൻ പദ്ധതിക്ക് ഉടൻ വിഹിതം നൽകുക, തേവിയരുകുന്ന് കുടിവെള്ള പദ്ധതി പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കംക്കുറിക്കുന്നതെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്.സജി അറിയിച്ചു. ഇതിന്റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി. 25ന് വൈകിട്ട് 5ന് ആര്യനാട് ഗാന്ധി ജംഗ്ഷനിൽ സായാഹ്ന ധർണ സംഘടിപ്പിക്കും. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്.സജിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സമിതിയംഗം എരുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 27ന് ലഘുലേഖയുമായി ബി.ജെ.പി പ്രവർത്തകർ ബൂത്ത് തലത്തിൽ ഗൃഹസമ്പർക്കം നടത്തും. പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ച് കുടിവെള്ളത്തിനായുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നും എം.എസ്.സജി അറിയിച്ചു.