വർക്കല: 62,5171793 രൂപ വരവും 57,2245876 രൂപ ചെലവും 52,925917രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2022-23 വർഷത്തെ വർക്കല നഗരസഭയിലെ ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി അവതരിപ്പിച്ചു. നഗരസഭയിലെ എല്ലാ കുടുംബങ്ങൾക്കും പാർപ്പിടം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, സ്ത്രീജന സംരക്ഷണവും സുരക്ഷിതത്വവും, നഗരവികസനം എന്നിവയ്ക്ക് ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിച്ചുണ്ടെന്ന് വൈസ് ചെയർപേഴ്സൺ പറഞ്ഞു.
വർക്കല താലൂക്ക് ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ, ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകൾ, ഇലക്ട്രിക്കൽ ജനറേറ്റർ റൂം, പേഷ്യന്റ് വെയിറ്റിംഗ് റൂം, ഓഫ്ത്താൽമോളജി വിഭാഗത്തിൽ എ സ്കാൻ മെഷീൻ തുടങ്ങിയവ വാങ്ങുന്നതിന് 1കോടി 60ലക്ഷം രൂപയും ശുചിത്വ മാലിന്യ സംസ്കരണപ്ലാന്റിന്റെ വികസനത്തിന് 64ലക്ഷം രൂപയും സ്ലാട്ടർഹൗസ് നവീകരണത്തിന് 45ലക്ഷം രൂപയും ഹരിതകർമ്മസേനയ്ക്ക് വാഹനം വാങ്ങുന്നതിന് 6ലക്ഷം രൂപയും തെരുവ് വിളക്ക് പരിപാലനത്തിന് 78ലക്ഷം രൂപയും പൊതുമരാമത്ത് വിഭാഗത്തിൽ റോഡുകൾക്ക് 25,519000രൂപയും കെട്ടിട അറ്റകുറ്റപ്പണികൾക്ക് 88ലക്ഷം രൂപയും ടൗൺഹാൾ, കാർഷികമേഖലയ്ക്ക് 13404500 രൂപയും സ്ത്രീശാക്തീകരണ പദ്ധതികൾക്ക് 50ലക്ഷം രൂപയും പട്ടികജാതി മേഖലക്ക് 8629000രൂപയും മത്സ്യമേഖലയ്ക്ക് 1514200രൂപയും സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 85476000രൂപയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 4കോടി രൂപയും കുടുംബശ്രീ പദ്ധതികൾക്ക് 10ലക്ഷം രൂപയും ഭവന പദ്ധതികൾക്ക് 4കോടി 82 ലക്ഷം രൂപയും നഗരസഭ ഓഫീസ് വികസനത്തിന് 32ലക്ഷം രൂപയും വൃദ്ധജന ക്ഷേമത്തിന് 1930650രൂപയും പാഥേയം പദ്ധതിക്ക് 20ലക്ഷം രൂപയും ജലസംരക്ഷണത്തിന് 5കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ബഡ്ജറ്റ് യോഗത്തിൽ നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു. ബഡ്ജറ്റിന്മേലുള്ള ചർച്ച ഇന്ന് നടക്കും. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാർഡുകളും പിടിച്ചാണ് യോഗത്തിലെത്തിയത്.