general

ബാലരാമപുരം: വേനൽച്ചൂടിന്റെ കാഠിന്യമേറിയതോടെ ബാലരാമപുരത്തെ ഗതാഗതക്കുരുക്കിൽ വാഹനയാത്രികർ വലയുന്നു. ചൂട് കൂടിയതോടെ സൂര്യാഘാത മുന്നറിയിപ്പ് പോലും വകവയ്ക്കാതെ മണിക്കൂറുകളോളമാണ് ബാലരാമപുരത്ത് വാഹനയാത്രികർ കാത്ത് കിടക്കുന്നത്.

ഗതാഗതക്കുരുക്കിന്റെ പറുദീസയാണ് ബാലരാമപുരം ജംഗ്ഷൻ. തിരക്കേറിയ സ്കൂൾ സമയങ്ങളിൽ ബാലരാമപുരം ജംഗ്ഷൻ കടന്ന് കിട്ടാൻ മുക്കാൽമണിക്കൂറോളം വേണ്ടിവരുന്നു. കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമത്തിലും മാറ്റം വരുന്നതിനാൽ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി സ്കൂളിലെത്താനും സാധിക്കാത്ത സ്ഥിതിയാണ്. ചുട്ട് പൊള്ളുന്ന വെയിലിൽ ഹോംഗാർഡുകളാണ് ഏറിയ സമയവും ഗതാഗതം നിയന്ത്രിക്കുന്നത്. ജംഗ്ഷനിൽ ഒരു ഹോംഗാർഡിന്റെ സഹായത്താൽ ഗതാഗതം നിയന്ത്രിക്കുക ദുഷ്കരമായി മാറിയിരിക്കുകയാണ്. ജംഗ്ഷനിൽ നാല് ഭാഗത്ത് നിന്നും മിനിട്ടുകളുടെ വ്യത്യാസത്തിൽ നൂറ് കണക്കിന് വാഹനങ്ങളാണ് റോഡ് മുറിച്ചു കടക്കാൻ കാത്ത് കിടക്കുന്നത്.

ബാലരാമപുരം ജംഗ്ഷനിലെ അശാസ്ത്രീയമായ ഗതാഗത പരിഷ്കാരത്തിനെതിരെ മനുഷ്യാവകാശകമ്മിഷനും ഇടപെട്ടിരുന്നു. തിരക്കേറിയ സമയങ്ങളിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന തെറ്റായ ട്രാഫിക് പരിഷ്കാരം പൊതുജനങ്ങൾക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കമ്മിഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ബാലരാമപുരം ജംഗ്ഷനിൽ നിന്നും കൊടിനട വഴി തിരികെ ബാലരാമപുരം –കാട്ടാക്കട ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്ന യു ടേൺ സംവിധാനം പരാജയമാണെന്ന് മനുഷ്യാവകാശ പ്രവർത്തകയായ രാഗം ബീഗം നേരത്തെ കമ്മിഷന് പരാതി സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഗതാഗതപരിഷ്കാരം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷൻ റൂറൽ എസ്.പിക്ക് റിപ്പോർട്ട് കൈമാറിയത്.

കൂടുതൽ പേരെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കണം

തിരക്കേറിയ സ്കൂൾ സമയങ്ങളിൽ ജംഗ്ഷനിലെ നാലുറോഡുകളിലും ഹോംഗാർഡുകളേയും പൊലീസിനെയും ഗതാഗതം നിയന്ത്രിക്കാൻ വിന്യസിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡ് മുറിച്ചു കടക്കാൻ 15 മിനിട്ടോളം കാത്ത് നിൽക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. പൊരിവെയിലിൽ ഇരുചക്രവാഹനത്തിലും കാൽനടയായും റോഡ് മുറിച്ചു കടക്കാൻ പാടുപെടുകയാണ് യാത്രക്കാർ. വൈകിട്ട് 5 മുതൽ 7.30 വരെ കൊടിനട ബാലരാമപുരം ജംഗ്ഷൻ ഗതാഗതക്കുരുക്കിലമരുന്നത് പതിവാകുകയാണ്. ജോലി ചെയ്ത് തളർന്ന് കെ.എസ്.ആർ.ടി.സി ബസിലും മറ്റ് പ്രൈവറ്റ് വാഹനത്തിലും വരുന്ന യാത്രക്കാർക്ക് ബാലരാമപുരത്തെ ഗതാഗതക്കുരുക്ക് തലവേദനയായിമാറുകയാണ്.