തിരുവനന്തപുരം: സിൽവർലൈനുമായി ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ സർവെകല്ലുകളും ബി.ജെ.പി പ്രവർത്തകർ പിഴുതെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. പിഴുതെടുക്കുന്ന കല്ലുകൾ മുഖ്യമന്ത്രിയുടെ വസതിയിൽ സ്ഥാപിക്കും. ഇന്ന് രാവിലെ 9 മണിക്ക് ചിറയിൻകീഴ് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നും പറിക്കുന്ന സർവെകല്ലുകൾ ക്ലിഫ്ഹൗസിൽ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ നേതാക്കൾ ആറ്റിങ്ങൽ ചെറുവള്ളിമുക്കിൽ കെറെയിൽ സർവെക്കല്ല് സ്ഥാപിച്ച പ്രദേശങ്ങൾ സന്ദർശിച്ച് കല്ലുകൾ പിഴുത് മാറ്റി.
ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി ജെ.ആർ. പദ്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.