bomb-1

കുറ്റിച്ചൽ: കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിലെ വെയിറ്റിംഡ് ഷെഡിലിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബേറ്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഉഗ്രശബ്ദം കേട്ട് ബസ് കാത്തിരുന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർ നിലവിളിച്ച് ഓടിയതിനാൽ ആർക്കും പരിക്കില്ല.

5 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇന്നലെ പരീക്ഷയായിരുന്നു. ഇതിനിടെയായിരുന്നു സ്‌കൂളിന് പുറത്ത് ഉഗ്രശബ്ദം കേട്ടതെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും പറയുന്നു.
വൈകിട്ട് മൂന്നരയോടെ ഉത്തരംകോട് സ്വദേശിയായ നിഖിൽ ബസിൽ വന്ന് സ്‌കൂളിന് മുന്നിലിറങ്ങി. നിഖിലിനെ വെയിറ്റിംഗ് ഷെഡിലിരുന്ന 15 ഓളം വരുന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ സംഘം കളിയാക്കി. ഇതിൽ അരിശംപൂണ്ട നിഖിൽ, വിദ്യാർത്ഥി സംഘത്തിലൊരുവനെ മർദ്ദിക്കാനൊരുങ്ങി. ഇതിനിടെ വിദ്യാർത്ഥി സംഘം നിഖിലിനെ വളഞ്ഞിട്ട് മർദ്ദിച്ചു.

വിദ്യാർത്ഥി സംഘത്തിൽ നിന്ന് രക്ഷപ്പെട്ടുപോയ നിഖിൽ നാലരയോടെ കോട്ടൂർ സ്വദേശിയായ യുവാവിന്റെ ബൈക്കിന് പിന്നിലിരുന്ന് സ്‌കൂളിന് മുന്നിലെത്തിയശേഷം കൈയിൽ കരുതിയ പെട്രോൾ ബോംബെറിഞ്ഞശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരിൽ നിന്നും സ്‌കൂൾ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രതികൾക്കുവേണ്ടി അന്വേക്ഷണവും ഊർജ്ജിതമാക്കി. പ്രദേശത്തെ നിരീക്ഷണ കാമറകൾ, സംഭവ സ്ഥലത്തിന് നിന്നും നാട്ടുകാരെടുത്ത വീഡിയോ ദൃശ്യങ്ങൾ എന്നിവ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.