siva

കിളിമാനൂർ: മടവൂർ ഗവ. എൽ.പി.എസിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ "ഭാഗ്യനിധി" സമ്മാനക്കൂപ്പണിലൂടെ സമാഹരിച്ച ഫർണിച്ചറുകൾ സ്കൂളിന് വേണ്ടി മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി. സമ്മാനകൂപ്പണിലൂടെ ആറ് ലക്ഷത്തോളം രൂപ സമാഹരിച്ചാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ശിശുസൗഹൃദ ഫർണിച്ചറുകൾ സ്കൂളിന് സമ്മാനിച്ചത്.

സാമൂഹിക പങ്കാളിത്തത്തിന്റെ മഹനീയ മാതൃകയ്ക്കാണ് മടവൂർ ഗവ. എൽ.പി.എസിന്റെ പൂർവവിദ്യാർത്ഥി കൂട്ടായ്മ നേതൃത്വം നൽകിയതെന്നും പൊതുവിദ്യാഭ്യാസം കരുത്താർജ്ജിക്കാൻ ഇത്തരം സാമൂഹിക ഇടപെടലുകൾ അനിവാര്യമാണെന്നും ഫർണിച്ചർ ഏറ്റുവാങ്ങിയതിനുശേഷം മന്ത്രി പറഞ്ഞു. അഡ്വ. വി.ജോയി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ലഭ്യമായ ബഹുനില മന്ദിരത്തിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂമുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു. വി. ജോയ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ, പൂർവ വിദ്യാർത്ഥി പ്രതിനിധി എ.എം.റാഫി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓർഡിനേറ്റർ എസ്.ജവാദ്, എ.ഇ.ഒ വി.എസ് പ്രദീപ് എന്നിവർ പങ്കെടുത്തു.