
കുളത്തൂർ: കെ - റെയിൽ പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളിൽ സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെടുത്ത് ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നിക്ഷേപിക്കുന്നതോടൊപ്പം ജില്ലയിലെ മുഴുവൻ ഭരണപക്ഷ എം.എൽ.എമാരുടെ വസതികളിലും സ്ഥാപിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നിന്ന് ആരംഭിച്ച സംസ്ഥാന സമരജാഥയുടെ സമാപന സമ്മേളനം കരിക്കകം ക്ഷേത്രത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് 12 നകം എല്ലാ കല്ലുകളും പിഴുതെടുക്കും. ചടങ്ങിൽ മുൻ എം.എൽ.എമാരായ ജോസഫ് എം.പുതുശ്ശേരി, എം.എ.വാഹീദ്, സി.ആർ. നീലകണ്ഠൻ, കൗൺസിലർ ഡി.ജി.കുമാരൻ, കെ.റെയിൽ വിരുദ്ധ സമരജാഥ ക്യാപ്റ്റൻ എസ്. രാജീവൻ, മിനി.കെ.ഇ.ഫിലിപ്പ്, എം.പി.ബാബുരാജ്, ആർ.ബിജു, കെ.എസ്.സനൽകുമാർ, കരിക്കകം സുരേഷ്, ഡോ.രമാദേവി, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് പരിസ്ഥിതി പ്രവർത്തക മേധാ പട്ക്കർ ഉദ്ഘാടനം ചെയ്യും.