
വിഴിഞ്ഞം: ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസിൽ പിടിയിലായ ശേഷം കോടതി വിട്ടയച്ച നാലു മത്സ്യത്തൊഴിലാളികൾ ഇന്നലെ രാത്രി 10.30ന് തിരികെ നാട്ടിലെത്തി. മത്സ്യബന്ധനത്തിനിടെ ദിശതെറ്റി അതിർത്തി ലംഘിച്ചതിനാണ് ഇവർ സീഷെൽസിൽ കോസ്റ്റ് ഗാർഡിന്റെ പിടിയിലായത്. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ തോമസ്, ജോണി, പൂവാർ സ്വദേശി വിൻസെന്റ് പൗലോസ്, പൂന്തുറ സ്വദേശി ഡൊണാൾഡ് എന്നിവരാണ് തിരികെയെത്തിയത്. ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് എയർ ഫോഴ്സിന്റെ വിമാനത്തിൽ ഇന്നലെ പുലർച്ചെ 4.30ന് ചെന്നൈയിൽ എത്തിയശേഷം അവിടെ നിന്ന് തേങ്ങാപ്പട്ടണം വരെ ബസിലെത്തി. അവിടെ നിന്ന് ഫിഷറീസ് ജോ. ഡയറക്ടർ ശ്രീകണ്ഠൻ, ഡെപ്യൂട്ടി ഡയറക്ടർ താജുദ്ദീൻ, ഫിഷറീസ് ഇൻസ്പെക്ടർ ഷാജൻ എന്നിവർ ഇവരെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ വിഴിഞ്ഞത്ത് എത്തിച്ചു.