1

വിഴിഞ്ഞം: മീൻ തേടി 1600ലധികം കിലോമീറ്ററുകളാണ് തങ്ങൾ സഞ്ചരിച്ചതെന്നും ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് സീഷെൽസിൽ നിന്ന് 2 മണിക്കൂർ കൊണ്ട് പിടിച്ച 20ലക്ഷത്തിലധികം രൂപയുടെ സ്രാവുകൾ പൊലീസ് പിടിച്ചെടുത്തെന്നും കഴിഞ്ഞദിവസം വിഴിഞ്ഞത്ത് മടങ്ങിയെത്തിയ ജോണിയും തോമസും പറഞ്ഞു.

' സീഷെൽസിലെ ജനങ്ങൾ നല്ല രീതിയിലാണ് പെരുമാറിയത്. ബ്രഡും മുട്ടയും ചോറും കഴിക്കാൻ നൽകി. ജയിലിൽ സൗകര്യം കുറവായതിനാൽ ബോട്ടിൽ തന്നെ തുടരാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. ഫോണുകൾ പിടിച്ചെടുത്തതിനാൽ വീട്ടുകാരോട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ചെന്നൈയിലെത്തിയ ശേഷമാണ് ഫോൺ കിട്ടിയത്. ഇത്രയും വേഗം തിരികെയെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. സഹായിച്ച എല്ലാവർക്കും നന്ദി ' മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസിൽ പിടിയിലായ ശേഷം കോടതി വിട്ടയച്ച വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ തോമസ്, ജോണി, പൂവാർ സ്വദേശി വിൻസന്റ് പൗലോസ് പൂന്തുറ സ്വദേശി ഡൊണാൾഡ് എന്നിവർ ബുധനാഴ്ച രാത്രി 10.30ഓടെയാണ് വീട്ടിൽ തിരികെയെത്തിയത്. അതിർത്തി ലംഘിച്ചതിനാണ് ഇവർ പിടിയിലായത്.