
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വേനലിൽ ചുട്ടുപൊളളുമ്പോൾ, ഒന്നര നൂറ്റാണ്ട് മുമ്പ് ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു കണ്ടെത്തിയ നീരുറവ ഇപ്പോഴും ജലസമൃദ്ധം.
1867ലെ വേനൽക്കാലത്ത് തന്റെ പതിനൊന്നാം വയസിലാണ് ഗുരു നീരുറവ കണ്ടെത്താൻ മുൻകൈയെടുത്തത്. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലെ വയൽവാരം വീടിന് വടക്കുഭാഗത്തെ പണയിൽ എന്ന പ്രദേശത്ത്. വെളളത്തിനായി കളിക്കൂട്ടുകാർക്കൊപ്പം കുഴിച്ചു. കുഴിയെടുക്കൽ നീണ്ടപ്പോൾ ഒരു ശൂലം കാണാനിടയായി. കുട്ടികൾ ചേർന്ന് ശൂലത്തിന്റെ ഇടംവലം പിടിച്ചു. പിന്നീട് ശൂലത്തിൽ കയർ കെട്ടി വലിച്ചായിരുന്നു ബലപ്രയോഗം. ഗുരുദേവൻ കൂട്ടുകാരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട ശേഷം ഒരു കുടം വെളളം കോരി തലവഴി ഒഴിച്ചിട്ട് ശൂലം മേൽപ്പോട്ട് പിടിച്ച് പിഴുതെടുത്തു. തൊട്ടുപിന്നാലെ അവിടെയൊരു നീരുറവ രൂപപ്പെട്ടു. പ്രദേശവാസികൾ കളിമണ്ണുറയിട്ട് സംരക്ഷിച്ചു. വേനൽക്കാലത്ത് മറ്റെങ്ങും വെളളമില്ലാത്തപ്പോഴും ഈ കിണറിൽ നിന്നും ആളുകൾ ആവശ്യത്തിന് വെളളമെടുത്തിരുന്നു. ഗുരു നട്ടുവളർത്തിയ വെറ്റിലക്കൊടിക്ക് ഈ വെളളമാണ് ഉപയോഗിച്ചത്.
വർഷങ്ങൾ കഴിഞ്ഞ് കിണറിന് സമീപത്തെ കൃഷിക്ക് നഷ്‌ടമുണ്ടായപ്പോൾ ഉടമസ്ഥൻ കിണർ നികത്തി. തുടരെ തുടരെയുണ്ടായ ദുരനുഭവങ്ങളെ തുടർന്ന് അയാൾ തന്നെ കിണർ അതേ സ്ഥാനത്ത് വീണ്ടും കുഴിച്ചു. കുളത്തൂർ തൈവിളാകത്തു വീട്ടിൽ ദാമോദരനാണ് 1962ൽ ഈ കിണർ കല്ലുപാകി പുനർനിർമ്മിച്ചത്. പിന്നീട് ഗുരുസ്‌മൃതി ഗ്ലോബർ വിഷനും കിണറിന്റെ സംരക്ഷകരായി. ദിവ്യതീർത്ഥ കിണറെന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഭക്തർ ഇവിടെയെത്തി വെളളം ശേഖരിക്കാറുണ്ട്. കിണറ്റിലെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം. ധാരാളം പേർ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.