malayinkil

മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് മാറ്റുകൂട്ടാൻ ക്ഷേത്ര ചുമരുകൾ ചിത്രങ്ങളാൽ നിറച്ചു. ചുമർ ചിത്രങ്ങൾക്ക് പുറമേ ക്ഷേത്ര പഴമ നിലനിറുത്തുന്ന കല്ലിൽ കൊത്തിവച്ചിരുന്ന രൂപങ്ങൾ തെളിയിച്ചെടുക്കുന്നതിനുള്ള കഠിനശ്രമം ക്ഷേത്രഭാരവാഹികളും യുവ തലമുറയും ചേർന്ന് നടത്തിവരുന്നുണ്ട്. മ്യൂറൽ പെയിന്റിംഗ് രീതിയെ അടിസ്ഥാനമാക്കി ആർട്ടിഫിഷ്യൽ കളർ ഉപയോഗിച്ച് മുൻഷി രാജേന്ദ്രൻ നാല് ചിത്രങ്ങളാണ് ക്ഷേത്രത്തിൽ വരച്ചത്. കാളീയമർദ്ദനം, ശ്രീകൃഷ്ണ ലീല, രാധ - കൃഷ്ണ നൃത്തം, നന്ദിനിയുടെ അകിടിൽ നിന്ന് പാൽ കുടിക്കുന്ന കണ്ണൻ എന്നിവയാണ് ചുവരിൽ വരച്ചു ‌ചേർത്തത്. കാലങ്ങളോളം നിലനിൽക്കുന്ന ഈ ചിത്രങ്ങൾ ക്ഷേത്രത്തിനെ കൂടുതൽ ഭക്തി സാന്ദ്രമാക്കുന്നു. ഇരുപത് ദിവസമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.വി. രാധാകൃഷ്മൻ മിഴിതുറക്കൽ നടത്തി.

ക്ഷേത്രത്തിലെ പ്രവേശന കവാടത്തിനരികിലായി ചിത്രങ്ങൾ വരയ്ത്താനായത് ശ്രീകൃഷ്ണന്റെ അനുഗ്രഹവും പുണ്യവുമാണെന്നാണ് മുൻഷി രാജേന്ദ്രൻ വിശ്വസിക്കുന്നത്.

ക്ഷേത്ര മതിലുകളിലും തൂണുകളിലും ക്ഷേത്ര കൽപ്പടവുകളിലും ഒളിഞ്ഞിരിക്കുന്ന രൂപങ്ങൾ തെളിച്ച് തനിമയും പഴക്കവും നിലനിറുത്തി സംരക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കവും വിശാലവുമായ കല്ലുകൾ പെയിന്റും സിമന്റും കൊണ്ട് മൂടിയ നിലയിലായിരുന്നത് ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തിലാണ് പൂർവ സ്ഥിതിയിലാക്കിയത്.