
നെയ്യാറ്റിൻകര: ജെൻഡർ സൗഹൃദ ഭരണം ലക്ഷ്യമാക്കിയുള്ള നെയ്യാറ്റിൻകര നഗരസഭയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. 2021 - 22 വർഷത്തെ നീക്കിയിരിപ്പ് തുകയായ 11,32, 21,019 രൂപ ഉൾപ്പെടെ 108,85,75,146 രൂപ വരവും 103,71,15,330 രൂപ ചെലവും 5,14,59,816 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് നഗരസഭ കോൺഫറൻസ് ഹാളിൽ ചെയർമാൻ പി.കെ. രാജമോഹന്റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർപേഴ്സണും ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രിയ സുരേഷ് അവതരിപ്പിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ആരോഗ്യമേഖലയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ബഡ്ജറ്റാണ് നഅവതരിപ്പിച്ചത്. നഗരപരിധിയിൽ 10 സ്റ്റാഫിൽ കൂടുതലുള്ള പൊതുസ്ഥലങ്ങളിലും, ജോലി സ്ഥലത്തെ ലൈംഗിക അതിക്രമങ്ങൾക്കുള്ള മുൻകരുതലായി വാർഡുതലത്തിൽ ജെൻഡർ റിസോഴ്സ് സെന്റർ കമ്മിറ്റി രൂപീകരിക്കും. മൺപാത്രത്തിൽ ആഹാരം പാകം ചെയ്യു, ആരോഗ്യം സംരക്ഷിക്കൂ" പദ്ധതിക്ക് തുടക്കംക്കുറിക്കും. എല്ലാ വീടുകളിലും ബയോ ഡൈജസ്റ്റർ ബിൻ സൗജന്യമായി നൽകി, 'എന്റെ മാലിന്യം എന്റെ വ്യക്തിത്വം' പൂർത്തീകരിക്കും. 5 സബ് സെന്റർ ആശുപത്രികൾ പ്രാവർത്തികമാക്കും. നഗര പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ റിംഗ് റോഡ് നടപ്പിലാക്കും. നഗര സഞ്ചയ പദ്ധതിയിലൂടെ ലഭിക്കുന്ന 61 കോടി രൂപ വിനിയോഗിച്ച് കുളം, കുടിവെള്ളം, ഖരമാലിന്യ സംസ്കരണം പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ നടപ്പിലാക്കും. 2 കോടി ചെലവഴിച്ച് നെയ്യാറിൻ തീരം സൗന്ദര്യവല്കരണത്തിലൂടെ ടൂറിസം പദ്ധതിയും നടപ്പിലാക്കും. നഗരസഭയെ ചരിത്രനഗരമാക്കാനുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് ചെയർമാൻ പി.കെ. രാജമോഹൻ വ്യക്തമാക്കി.
ഇടം നേടിയ ശ്രദ്ധേയ പദ്ധതികൾ
സ്ത്രീകളുടെ ജോലി കലാ - കായിക - സാസ്കാരിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് ' അവളിടം' പദ്ധതി
ബഡ്സ് സ്കൂൾ, ഭിന്നശേഷി കുട്ടികൾക്ക് തെറാപ്പി യൂണിറ്റ്
കാർഷിക മേഖല ശക്തിപ്പെടുത്താൻ കർഷകശ്രീ അവാർഡ്
സുഗതകുമാരി ടീച്ചറുടേയും, ജെ.സി. ഡാനിയേലിന്റേയും സ്മൃതിമണ്ഡപങ്ങൾ യാഥാർത്ഥ്യമാക്കും
ആയുർവേദ ആശുപത്രി 100 കിടക്കകളുള്ള ആശുപത്രിയാക്കി ഉയർത്തും.
മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റം പദ്ധതികൾ രൂപീകരിക്കും.