ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ജോലികൾ വീണ്ടും നിലച്ചു. വേനൽ കടുത്തതോടെ ഈ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഒന്നര വർഷത്തിലേറെയായി മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതിയുടെ പണികൾ 40 ദിവസം മുൻപാണ് പുനഃരാരംഭിച്ചത്.
ചെയ്ത ജോലികളുടെ ബില്ലുകൾക്ക് യഥാസമയം പണം ലഭിക്കാത്തതിനെ തുടർന്നും, പമ്പ് ഹൗസിലേക്കുള്ള വഴി ശരിയാക്കി നൽകാത്തതിനെ തുടർന്നുമാണ് പണികൾ നിറുത്തിവച്ചതെന്ന് കരാറുകാരൻ പറയുന്നു.ഇവിടെ വാട്ടർ ടാങ്കിന്റെ ജോലികളാണ് നടന്നത്. ഇതിന് മുകളിൽ കോൺക്രീറ്റിന്റെ ജോലികളും പമ്പ്ഹൗസിന്റെ നിർമ്മാണവും ബാക്കിയുണ്ട്.
ചെയ്ത പണികളുടെ ബില്ലുകൾക്ക് യഥാസമയം പണം ലഭിക്കാത്തതിനെ തുടർന്നും ജോലികൾ ആരംഭിച്ചിട്ടും വാട്ടർ ടാങ്കിന്റെ അംഗീകരിച്ച പ്ലാൻ ലഭിക്കാത്തതിനെ തുടർന്നും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ജോലികൾ നിലച്ചിരുന്നു. അന്ന് മുടങ്ങിയ പണിയാണ് ദിവസങ്ങൾക്ക് മുൻപ് പുനഃരാരംഭിച്ചത്.
**തുരുമ്പെടുത്ത് കമ്പികൾ
തേവിയാരുകുന്ന് ധർമശാസ്താ ക്ഷേത്രത്തിന് മുകൾ ഭാഗത്താണ് വാട്ടർ ടാങ്ക് നിർമിക്കുന്നത്. കൂടാതെ വീടുകളിൽ കണക്‌ഷൻ നൽകുന്നതിന് പഞ്ചായത്ത് റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. വാട്ടർ ടാങ്ക് നിർമിക്കാൻ കമ്പികൾ കെട്ടിയിട്ടതോടെയാണ് ജോലികൾ മുടങ്ങിയത്. തുടർന്ന് സ്ഥാപിച്ച കമ്പികൾ തുരുമ്പെടുത്തു. വീണ്ടും പണികൾ ആരംഭിച്ചപ്പോൾ തുരുമ്പെടുത്ത കമ്പികൾ നീക്കംചെയ്ത ശേഷമാണ് ജോലികൾ തുടങ്ങിയതെന്ന് കരാറുകാരൻ പറയുന്നു. ഇനി പി.ഡബ്ലിയു.ഡി റോഡുകളിൽ പൈപ്പ് സ്ഥാപിക്കാൻ ഇതുവരെ പെർമിഷൻ ലഭിച്ചിട്ടില്ല.
അതുപോലെ തേവിയാരുകുന്ന് ആറ്റുമുക്കിലെ പമ്പ് ഹൗസിലേക്കുള്ള വഴിയും ശരിയാക്കി നൽകിയിട്ടില്ലെന്നും കരാറുകാരൻ പറഞ്ഞു. വാപ്കോസ് കമ്പനിക്കാണ് പഞ്ചായത്ത് കരാർ നൽകിയത്. ഈ കമ്പനിയിൽ നിന്നാണ് കരാറുകാരൻ ജോലി ഏറ്റെടുത്തത്. ജോലി ചെയ്തതിൽ 35 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും കരാറുകാരൻ പറഞ്ഞു.