
തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന 48 മണിക്കൂർ പൊതുപണിമുടക്കിൽ ഇരുചക്ര വാഹനയാത്രയും ട്രെയിൻ യാത്രയും ഉപേക്ഷിക്കണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതാവ് ആനത്തലവട്ടം ആനന്ദൻ അഭ്യർത്ഥിച്ചു. 28നു രാവിലെ 6 മുതൽ 30നു രാവിലെ 6 വരെയാണ് പണിമുടക്ക്. ആശുപത്രി, ആംബുലൻസ്, മരുന്നുകടകൾ, പാൽ, പത്രം, ഫയർ ആൻഡ് റസ്‌ക്യൂ പോലുള്ള ആവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ 6 ആവശ്യങ്ങൾ അടങ്ങിയ അവകാശപത്രിക ഉടൻ പ്രഖ്യാപിക്കുക, കാർഷികോത്‌പനങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഓരോ ജില്ലകളിലും ചുരുങ്ങിയത് 25 സമരകേന്ദ്രങ്ങളുണ്ടാകും. പണിമുടക്കുന്ന തൊഴിലാളികൾ രാവിലെ 9ന് എല്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ റാലികൾ സംഘടിപ്പിക്കും.