
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ബി. സത്യന്റെ ഇടപെടൽ തുണയായി
കല്ലമ്പലം: ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് ബി. സത്യന്റെ ഇടപെടൽ തുണയായി. 22ന് ഉച്ചയ്‌ക്ക് ചാത്തമ്പറ സ്വദേശിയുടെ വീട്ടിൽ ടൈൽസ് വർക്ക് ചെയ്യുന്നതിനിടെ മരിച്ച ബീഹാർ സ്വദേശി ജുഗേഷ് സാഹ്നിയുടെ (50) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് മുൻ എം.എൽ.എ കൂടിയായ ബി. സത്യൻ ഇടപെട്ടത്.
കുഴഞ്ഞുവീണ ഉടനെ ജുഗേഷ് സാഹ്നിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുഗേഷിനൊപ്പം 19 കാരനായ മകൻ ആദർശ് കുമാറും സഹായിയായി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ 12 വർഷമായി കല്ലമ്പലം മാവിന്മൂട്ടിലെ സ്വകാര്യ ലോഡ്‌ജിലാണ് ജുഗേഷ് താമസിക്കുന്നത്. അടുത്തിടെയാണ് മകനും ജോലിക്കെത്തിയത്. ജോലിയിൽ കൃത്യനിഷ്ഠ പുലർത്തിയിരുന്ന ജുഗേഷ് നാട്ടുകാരുമായി നല്ല സൗഹൃദത്തിലായിരുന്നു.
പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി മകനാണ് സത്യനെ സമീപിച്ചത്. അദ്ദേഹം മന്ത്രി വി. ശിവൻകുട്ടിയുമായി സംസാരിച്ചതിനെ തുടർന്ന് തൊഴിൽവകുപ്പ് അധികൃതർ പാരിപ്പള്ളി മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി എംബാം ചെയ്‌തു. ഇന്നലെയാണ് മകനും ബന്ധുവും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. മുഴുവൻ ചെലവും തൊഴിൽവകുപ്പ് വഹിച്ചു.
മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച ബി. സത്യൻ സംസ്‌കാര ചെലവിനും മറ്റുമായി തൊഴിൽവകുപ്പ് നൽകിയ 50,000 രൂപ ആദർശ് കുമാറിന് കൈമാറി. ഭാര്യ പ്രേമാദേവിയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബം ജുഗേഷിന്റെ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്.