j

കടയ്‌ക്കാവൂർ: സൗദിയിൽ ജോലിക്കുപോയ ആലംകോട് സ്വദേശിയുടെ ഭർത്താവിനെ കാണാനില്ലെന്ന് പരാതി. ആലംകോട് പാലാംകോണത്തു റോഡുവിള വീട്ടിൽ അൻസിയുടെ ഭർത്താവ് സജീറിനെയാണ് കഴിഞ്ഞ അഞ്ചുവർഷമായി കാണാതായത്.

2016 സെപ്‌തംബറിൽ അൻസിയുടെ വീട്ടിൽ നിന്ന് ജിദ്ദയിലേക്ക് ജോലിക്ക് പോയ സജീറിനെക്കുറിച്ച് 2017 മുതൽ യാതൊരു വിവരവുമില്ലെന്ന് അൻസി പത്രസമ്മേളനത്തിൽ പറഞ്ഞു. കൊല്ലം നിലമേൽ പ്ലിച്ചിയോട് പുത്തൻവീട്ടിൽ മുഹമ്മദ്‌ ഷായുടെ മകനാണ് സജീർ. സജീറിന്റെ വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും അവർക്കും യാതൊരു അറിവുമില്ല.

വൃദ്ധരായ അച്ഛനമ്മമാരുടെ സംരക്ഷണയിലാണ് അൻസിയും 12 വയസുള്ള മകളും കഴിയുന്നത്. മുഖ്യമന്ത്രിക്കും നോർക്കയിലും അൻസി പരാതി നൽകിയിട്ടുണ്ട്. പിതാവ് അഷറഫ്, മാതാവ് ഫാസിലാ ബീവി, സാമൂഹിക പ്രവർത്തകനായ പാലാംകോണം ജമാൽ ആലം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.