പോത്തൻകോട്: കൃഷി, പാർപ്പിടം, ആരോഗ്യം, ഭക്ഷണം, തൊഴിൽ എന്നിവ ഉറപ്പാക്കുന്ന പദ്ധതികൾ ഉൾപ്പെടുന്ന ബഡ്ജറ്റ് പോത്തൻകോട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി പാസാക്കി. പ്രസിഡന്റ് ടി.ആർ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് അനിതകുമാരിയാണ് 35,54,82,474 കോടി രൂപ വരവും 35,22,74,552 കോടി രൂപ ചെലവും 3207922 രൂപ മിച്ചവുമുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്.

നെൽകൃഷി, പച്ചക്കറി കൃഷി, കന്നുക്കുട്ടി പരിപാലനം, കോഴി, ആടു വളർത്തൽ, മത്സ്യകൃഷി തുടങ്ങിയ മേഖലകൾക്ക് 11,58,000 രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതു ആരോഗ്യ പരിപാടികൾക്ക് പുറമെ പ്രത്യേക ആരോഗ്യ പരിപാടിക്കും ആയുർവേദം, സിദ്ധ, ഹോമിയോ ആശുപത്രികളുടെ സേവനത്തിനും മരുന്നിനും ബഡ്ജറ്റിൽ പരിഗണന നൽകിയിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രണത്തിന് 15 ലക്ഷം, റോഡിനും തെരുവ് വിളക്കുകളുടെ പരിപാലനത്തിനും പുതിയ ആസ്തികൾ സൃഷ്ടിക്കാനും തുക ഉൾപ്പെടുത്തിയിട്ടുണ്ട്. സേവന മേഖലയ്ക്ക് ആകെ 16,43,69,000 രൂപയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

തൊഴിലുറപ്പ് പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ ഭവന നിർമ്മാണ മേഖലയ്ക്ക് 2,63,00,000 ലക്ഷം രൂപ മാറ്റിവച്ചു.

വാർഡിൽ ഓരോ അങ്കണവാടികൾ വീതം സ്മാർട്ട് അങ്കണവാടികളാക്കും. ബാല ഗ്രാമസഭയ്ക്കും ബാല പഞ്ചായത്തിനുമായി 75,000 രൂപ നീക്കിവച്ചു. പോത്തൻകോട് ടൗൺഷിപ്പ് മോടിപിടിപ്പിക്കുന്നതിനും ബസ് ടെർമിനലിൽ ഉൾപ്പെടെ സി.സി ടിവി കാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. അഗതി രഹിത കേരളം, കാരുണ്യ സ്പെഷ്യൽ സ്കൂൾ, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ്, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് എന്നിവയ്ക്കു പുറമേ കലാകായിക മേഖലയിലും വിദ്യാഭ്യാസമേഖലയിലും ബഡ്ജറ്റ് ഊന്നൽ നൽകുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറി ജി.ആർ.ഹരി, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, അക്കൗണ്ടന്റ് പി.ആർ. ബൈജു എന്നിവരും പങ്കെടുത്തു.