തിരുവനന്തപുരം: ശബരി റെയിൽ പാതയുടെ 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതുക്കിയ എസ്​റ്റിമേ​റ്റ് റെയിൽവേയ്ക്ക് സമർപ്പിച്ചു. കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷനാണ് (കെ-റെയിൽ) തയാറാക്കിയത്. 111കി.മീ പാതയ്ക്ക് 2017ൽ 2815കോടിയാണ് കണക്കാക്കിയത്. ചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാന സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. തുടർന്നാണ് പുതിയ എസ്​റ്റിമേ​റ്റ് തയാറാക്കാൻ റെയിൽവേ ബോർഡ് കെ-റെയിലിനെ ചുമതലപ്പെടുത്തിയത്. അങ്കമാലി - രാമപുരം ഭാഗത്തിന്റെ പുതുക്കിയ എസ്​റ്റിമേ​റ്റ് നേരത്തെ സമർപ്പിച്ചിട്ടുണ്ട്. അപ്പോൾ രാമപുരം - എരുമേലി ലൊക്കേഷൻ സർവേ പൂർത്തിയായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ-റെയിൽ ലിഡാർ വിദ്യ ഉപയോഗിച്ച് ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയാക്കിയത്. പിന്നീടാണ് എസ്​റ്റിമേ​റ്റ് പുതുക്കിയത്. ദക്ഷിണ റെയിൽവേയുടെ ചീഫ് അഡ്മനിസ്‌ട്രേ​റ്റീവ് ഓഫീസർ (നിർമ്മാണ വിഭാഗം), റെയിൽവേ ബോർഡ് അഡിഷണൽ മെമ്പർ (വർക്സ്) എന്നിവർക്കാണ് പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചത്.