തിരുവനന്തപുരം: കെ - റെയിലിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹിയിൽ യു.ഡി.എഫ് എം.പിമാർക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം.

ഉച്ചയ്‌ക്ക് ഒന്നിന് ആരംഭിച്ച മാർച്ച് രാജ്ഭവന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി വീണ്ടും മുന്നോട്ട് കടക്കാൻ ശ്രമിച്ചത് കൂടുതൽ സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പൊലീസ് രണ്ട് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് റോഡിലിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ, എസ്.എം. ബാലു, സംസ്ഥാന ഭാരവാഹികളായ അഖിൽ ജെ.എസ്, ഷജീർ നേമം, വിനോദ് കോട്ടുകാൽ, അരുൺ എസ്.പി, അജയ് കുര്യാത്തി, ടി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ രാജീവ് കരകുളം, പ്രമോദ്, അനൂപ് പാലിയോട്, ഷാലിമാർ, മാഹീൻ പഴഞ്ചിറ, അഭിജിത് എസ് കെ, ഷമീർഷാ, സുഹൈൽ ഷാജഹാൻ, പ്രശോബ് തുടങ്ങിയവർ നേതൃത്വം നൽകി.