cliff
f

തിരുവനന്തപുരം: പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് പൊലീസ് സുരക്ഷാക്കോട്ട തീർത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന്റെ പിന്നിലെ മതിൽ ചാടിക്കടന്ന യുവമോർച്ച പ്രവർത്തകർ സിൽവർലൈനിന്റെ അതിരടയാളക്കല്ല് കുഴിച്ചിട്ടത് വൻ സുരക്ഷാവീഴ്ചയായി.

ക്ലിഫ്ഹൗസിന്റെ മുൻവശത്തെ ഗേറ്റിനു മുമ്പിൽ പ്രതിഷേധക്കാരെ നേരിടാൻ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കെയാണ്, പിൻവശത്തെ മതിൽ ചാടിക്കടന്ന് വളപ്പിലെത്തിയ ആറംഗ സംഘം മൺവെട്ടി കൊണ്ട് കുഴിയെടുത്ത് കല്ലിട്ടത്. സാമൂഹ്യാഘാത പഠനത്തിനായി ചിറയിൻകീഴ് കിഴുവില്ലത്ത് സ്ഥാപിച്ചതും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പിഴുതെടുത്തതുമായ കല്ലാണ് നേരത്തേ ക്ലിഫ്ഹൗസിനടുത്ത് ഒളിപ്പിച്ചു വച്ച് ഇന്നലെ കുഴിച്ചിട്ടത്.

അതേ സമയം,ക്ലിഫ്ഹൗസിലല്ല, നാലു വീട് അപ്പുറത്തുള്ള കൃഷിമന്ത്രി പി.പ്രസാദിന്റെ ഔദ്യോഗിക ഭവനമായ ലിൻഡ റസ്റ്റിലാണ് കല്ല് കുഴിച്ചിട്ടതെന്നാണ് പൊലീസ് ഭാഷ്യം. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അവിടെ മന്ത്രി താമസമില്ല. പൊലീസ് സുരക്ഷയുമില്ല. ജോലിക്കാരെന്ന വ്യാജേന യുവമോർച്ചക്കാർ അകത്തു കയറിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കല്ല് കുഴിച്ചിട്ടത് ക്ലിഫ്ഹൗസിന് പിൻവശത്താണെന്ന് യുവമോർച്ച പുറത്തു വിട്ട വീഡിയോദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇസ‍ഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം കർശന നിയന്ത്രണങ്ങൾ ക്ലിഫ്ഹൗസ് മേഖലയിലുണ്ട്.പൊലീസിന്റെ കണ്ണ് വെട്ടിച്ച് യൂത്ത്‌ കോൺഗ്രസുകാരുടെ പ്രതിഷേധം 2020 നവംബറിൽ ക്ലിഫ്ഹൗസ്‌ ഗേ​റ്റിനു സമീപമെത്തിയതിനെത്തുടർന്ന്, ചാടിക്കടക്കാൻ കഴിയാത്ത വിധത്തിൽ ചുറ്റുമതിലിന്റെ ഉയരം കൂട്ടി മുകളിൽ മുള്ളുവേലി സ്ഥാപിച്ചിരുന്നു. ക്ലിഫ്ഹൗസിനകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കി. ക്ലിഫ് ഹൗസിലെ വൃക്ഷങ്ങളുടെ ശിഖരങ്ങളിലൂടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കഴിയുമെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്ന് ശിഖരങ്ങൾ മുറിച്ചുമാറ്റി. ക്ലിഫ് ഹൗസിന് മുന്നിലെ ഗാർഡ് റൂമിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വാച്ച് ടവറിന്റേതിനു തുല്യമാക്കി. ഒരു സി.സി ടിവി കാമറ കൂടി ദേവസ്വം ബോർഡ് ജംഗ്ഷനിൽ സ്ഥാപിച്ചു. ക്ലിഫ്ഹൗസ് വളപ്പിനു പിന്നിൽ കാമറാ നിരീക്ഷണമില്ലാത്ത ഭാഗത്തു കൂടിയാണ് പ്രതിഷേധക്കാർ ചാടിക്കയറിയത്.

''ക്ലിഫ്ഹൗസിൽ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ല. കല്ലിട്ടത് ക്ലിഫ്ഹൗസിലല്ല. നാലുവീട് അപ്പുറമാണ്. ''

-ജി.സ്പർജ്ജൻകുമാർ

സിറ്റി പൊലീസ് കമ്മിഷണർ

''കല്ലിട്ടത് ക്ലിഫ്ഹൗസിൽ തന്നെയാണ്. ഞങ്ങൾ വീഡിയോ എടുത്തിട്ടുണ്ട്. കയറിയതെങ്ങനെയെന്ന് പൊലീസിന് കാട്ടിക്കൊടുക്കാം.''

-വി.വി.രാജേഷ്

ബി.ജെ.പി ജില്ലാ പ്രസിഡന്റ്