ambulance

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ രോഗികളുടെ പരിചരണം നിലച്ചിട്ട് 43 ദിവസം പിന്നിടുന്നു. പഞ്ചായത്തിലെ 23 വാർഡുകളിലായി കഴിയുന്ന പാവപ്പെട്ട കിടരോഗികൾക്കായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടർന്ന് വന്ന രോഗീ പരിചരണങ്ങൾ നിലച്ചതിനെതിരെ ബന്ധുക്കളുടെ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തെക്കുറിച്ച് പ്രവർത്തനങ്ങളുടെ ചുമതലയുള്ള പാറശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തിരക്കിയപ്പോൾ രോഗികളുടെ വീടുകളിലെത്തി പരിചരിക്കുന്നതിനായി ഡോക്ടർ ഉൾപ്പെടെയുള്ള സംഘം സന്നദ്ധമാണെങ്കിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ എത്താറുള്ള വാഹനം എത്താത്തതാണ് പരിചരണം മുടങ്ങുന്നതിന് കാരണമായതെന്നും പറയുന്നു.

പഞ്ചായത്തിലെ പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കായി മുൻ എം.എൽ.എ എ.ടി. ജോർജ്ജ് നൽകിയ ആംബുലൻസിന് പുറമെ സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകിയ പുതിയ ആംബുലൻസും പാശാല പി.എച്ച്.സിയിലും, പാറശാല പഞ്ചായത്ത് കല്യാണ മണ്ഡപത്തിലുമായി മാസങ്ങളായി ഒതുക്കി ഇട്ടിരിക്കെയാണ്, വാഹനം ലഭ്യമല്ലെന്ന കാരണം പറഞ്ഞ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ നിറുത്തി വച്ചിരിക്കുന്നത്. എന്നാൽ മുൻപുണ്ടായിരുന്ന ആംബുലൻസിൽ മാറ്റിയ ‌ഡ്രൈവർക്ക് പകരം പുതിയ ആളെ നിയമിക്കാത്തതും, പുതിയ ആംബുലൻസിലേക്കും ഡ്രൈവറെ നയമിക്കാത്തതാണ് വാഹനം ഷെഡിൽ തന്നെ ഒതുക്കി ഇട്ടിരിക്കുന്നതിന് കാരണമെന്ന് മുൻ ആരോഗ്യ വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വാർഡ് മെമ്പർ എം.സെയ്‌ദലി പറഞ്ഞു.