തിരുവനന്തപുരം: കെ-റെയിൽ സർവേയുടെ ഭാഗമായി ചിറയിൻകീഴ് മണ്ഡലത്തിൽ സ്ഥാപിച്ച സർവേക്കല്ലുകൾ പിഴുതെടുത്ത് മുരുക്കുംപുഴ കോഴിമട ശാസ്താക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള വാഹനപ്രകടനജാഥ ആരംഭിച്ചത്. നൂറുകണക്കിന് മഹിളാമോർച്ച പ്രവർത്തകർ ഇരുചക്ര വാഹനത്തിൽ അനുഗമിച്ചു. ക്ലിഫ്ഹൗസിനു മുന്നിൽ ബാരിക്കേഡുയർത്തി പൊലീസ് പ്രകടനം തടഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ധർണ ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ കേരളത്തിൽ ഭരണകൂട ഭീകരത അഴിച്ചുവിടുകയാണെന്ന് സുധീർ പറഞ്ഞു.ഏപ്രിൽ 1ന് രാവിലെ 11ന് ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ കെ-റെയിൽ സർവേക്കല്ലുകളും അതതു ബൂത്തുകളിലുള്ള പ്രവർത്തകരുടെ നേതൃത്വത്തിൽ പിഴുതുമാറ്റുമെന്ന് വി.വി.രാജേഷ് പറഞ്ഞു.ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, മറ്റ് ജില്ലാ നേതാക്കൾ, വിവിധ മോർച്ചാ ഭാരവാഹികൾ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.