ആറുവർഷം റോഷൻ മാത്യുവിന്റെ ആറ് മറുപടി

മലയാളത്തിൽനിന്ന് ഹിന്ദിയിലേക്കും തമിഴിലേക്കും അഭിനയത്തിന്റെ സ്റ്റിയറിങ് തിരിച്ച് മനോഹര യാത്രയിൽ റോഷൻ മാത്യു.'പുതിയ നിയമ"ത്തിൽ പുതിയ മുഖമായി തുടക്കം കുറിച്ചപ്പോൾ മുതൽ നമ്മൾ റോഷൻ മാത്യു എന്ന നടനെ ശ്രദ്ധിക്കുന്നുണ്ട്. ആനന്ദം, തൊട്ടപ്പൻ, മൂത്തോൻ, കപ്പേള, സീ യു സൂൺ, വർത്തമാനം തുടങ്ങി നൈറ്റ് ഡ്രൈവ് വരെ എത്തി നിൽക്കുന്ന സിനിമകളിൽ കാഴ്ചവച്ചത് ശക്തമായ പകർന്നാട്ടം.ആറു വർഷം എത്തി നിൽക്കുന്ന അഭിനയയാത്ര ടോപ്പ് ഗിയറിൽ പായുന്നതിന്റെ ആവേശത്തിൽ റോഷൻ മാത്യു സംസാരിച്ചു.
ഒരു സിനിമയിൽനിന്ന് അടുത്തതിലേക്ക് പോകുന്ന യാത്ര പ്രതീക്ഷിച്ചതാണോ ?
ഒന്നിനുപിന്നാലെ സിനിമകൾ വരുമെന്നോ ഇപ്പോൾ അഭിനയിക്കുന്ന സിനിമയുടെ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്നോ പ്രതീക്ഷിച്ചതല്ല. സിനിമയുടെ തിരക്ക് കാരണം നാടകം ചെയ്യാൻ കഴിയാത്ത അവസ്ഥ വരുമെന്നും വിചാരിച്ചതല്ല. സിനിമയിലേക്ക് വരാൻ ആഗ്രഹിച്ചു. അഭിനയമാണ് ഇഷ്ട മേഖല.അത് ഏറ്റവും കൂടുതൽ ആളുകളിൽ എത്തുന്ന മാദ്ധ്യമം സിനിമ തന്നെയാണ്. അല്ലാതെ സിനിമ വലിയ സ്വപ്നമായി കാണുകയോ അത് നടക്കുമെന്ന് കരുതിയ കാര്യമേയല്ല. സിനിമയിൽ എത്തുകയും ഇവിടെ വരെ എത്താൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കാണുന്നു. എന്നെ ഏറെ സ്വാധീനിച്ച ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. മലയാള സിനിമയിൽ എല്ലാ വർഷവും എല്ലാ മേഖലയിലേക്കും പുതിയ ആളുകൾ എത്തുന്നു. അവരോടൊപ്പം ജോലി ചെയ്യണമെന്നതിന്റെ ലിസ്റ്റ് എന്റെ കൈയിലുണ്ട്. ആ ലിസ്റ്റ് വലുതായി കൊണ്ടിരിക്കുന്നു. അതിനാൽ കൂടുതൽ സിനിമകൾ ചെയ്യണമെന്നാഗ്രഹം എപ്പോഴും വരും. ഒരു സിനിമ കണ്ട് ഇഷ്ടപ്പെട്ടാൽ ആ ടീമിനൊപ്പം പ്രവർത്തിക്കാനും അതേപോലത്തെ സിനിമ ചെയ്യാനും ആഗ്രഹിക്കും.
ചുറ്റും നടക്കുന്ന സിനിമകളെ പിന്തുടർന്നാണ്  മുന്നോ ട്ടുപോകുന്നത്. ഞാൻ എനിക്കുവേണ്ടി പ്ളാൻ ചെയ്യുന്നതോ ചാർട്ട് ചെയ്യുന്നതുമായ കരിയർഗ്രാഫും അല്ല.
കഥാപാത്രങ്ങളെ എങ്ങനെ കൃത്യമായി തിരഞ്ഞെടുക്കാൻ സാധിക്കുന്നു ?
അതിന് കൃത്യമായ മാനദണ്ഡമില്ല. തൊട്ടുമുൻപ് ചെയ്ത രണ്ടോ മൂന്നോ സിനിമകളിലെ കഥാപാത്രവുമായി സാദൃശ്യം ഉണ്ടോ എന്ന് മാത്രമേ നോക്കാറുള്ളൂ. അടുത്തിടെ അവതരിപ്പിച്ച കഥാപാത്രമാണെങ്കിൽ വീണ്ടുംചെയ്യുമ്പോൾ സാമ്യം വരുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണത്. അല്ലാതെ കഥാപാത്രം മാത്രം നോക്കി സിനിമ ചെയ്യാറില്ല. പല സിനിമകളും പല കാരണം കൊണ്ടാണ് ചെയ്യുന്നത്. ഞാൻ ആഗ്രഹിച്ച ടീമിനൊപ്പം ചെയ്യുന്ന സിനിമയുണ്ട്. കഥയും കഥാപാത്രവും നല്ലതെങ്കിൽ തീർച്ചയായും ഭാഗമാകും. കഥാപാത്രത്തേക്കാൾ തിരക്കഥ ഇഷ്ടപ്പെട്ടാൽ ആ സിനിമയുടെ ഭാഗമാകാൻ ശ്രമിക്കാറുണ്ട്. കഥാപാത്രത്തിനുവേണ്ടി മാത്രം ഇതേവരെ ഒരു സിനിമയും ചെയ്തില്ല. എന്നാൽ അഭിനയ സാധ്യതനിറഞ്ഞതും മികച്ച പകർന്നാട്ടം നത്താൻ കഴിയുന്നതുമായ കഥാപാത്രമാണ് ഇതുവരെ ലഭിച്ചത്. അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. കഥാപാത്രം തപ്പിനോക്കി സിനിമകൾ ചെയ്തില്ലെങ്കിൽ പോലും എന്നെ തേടി നല്ല വേഷങ്ങൾ എത്തി. അത്യാവശ്യം പരിചിതമായ കഥാപാത്രം ലഭിച്ചു. കഥാപാത്രങ്ങളെ തേടി പോവുകയോ അതിന് മാനദണ്ഡം ഒന്നുമില്ലാത്തതുകൊണ്ടും ആവാം ഇങ്ങനെ സംഭവിച്ചത് . ഏതുതരം കഥാപാത്രവും ചെയ്യും. എന്നാൽ ചെയ്യാൻ ഒരു കാരണം ഉണ്ടാവണമെന്ന് മാത്രം.
സ്പോക്കൺ ഫെസ്റ്റിൽ കഥ പറച്ചിൽ, നാടക സംവിധാനം. വെള്ളിത്തിരയിൽ സംവിധായകനായി പ്രതീക്ഷിക്കാമോ ?
സിനിമ സംവിധാനം ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. കഥ പറയാൻ ഇഷ്ടമാണ്. ഏതുതരം കഥ പറയാനും ഇഷ്ടം. സ്പോക്കൺ ഫെസ്റ്റിലൂടെ ഒരു കഥ ആളുകളിലേക്ക് എത്തിക്കുമ്പോൾ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നു. അതിനുവേണ്ടിയാണല്ലോ നമ്മൾ എല്ലാം ചെയ്യുന്നത്. ചെന്നൈയിലും മുംബെയിലുമാണ് കൂടുതൽ നാടകങ്ങൾ ചെയ്തത്. സിനിമയിൽ വന്നപ്പോൾ അവിടെ പോയി നാടകത്തിന്റെ റിഹേഴ്സലും ഷോയും ചെയ്യാൻ സമയമില്ലാതെയായി. ആ സമയത്ത് കൊച്ചിയിലായിരുന്നു. ധാരാളം സമയം ലഭിച്ചു. ഇവിടെ നാടകം ചെയ്യാമെന്ന ചിന്ത ഉണ്ടാവുന്നു. നാടകത്തിൽ താത്പര്യമുള്ള സുഹൃദ്വലയമുണ്ട്. നാടകം ചെയ്യണമെന്നല്ലാതെ നാടകം സംവിധാനം ചെയ്യണമെന്ന ചിന്ത പോലുമില്ലായിരുന്നു.
കഥ ലഭിച്ചപ്പോൾ അവരെ കേൾപ്പിച്ചു. അതിലൂടെ മുൻപോട്ട് പോകുമ്പോൾ മുന്നിൽ നിർമ്മാതാവോ വേദിയോ ഉണ്ടായിരുന്നില്ല. നാടകത്തിന്റെത് എന്റെ ആശയമായതിനാൽ പുറത്തുനിന്ന് അഭിപ്രായം പറയുന്ന ആളുമായി ഞാൻ .അഭിനയിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. എന്നാൽ തിരക്കഥ ശരിയാകുകയും നിർമ്മാതാവ് എത്തുകയും ചെയ്യുമ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ പ്രൊഡക്ഷൻ ഹൗസായി മാറി. പുറത്തുനിൽക്കാനും അകത്തുകയറി ഒരു കഥാപാത്രം അവതരിപ്പിക്കാനും ബുദ്ധിമുട്ടാവുമെന്ന് മനസിലായി. ഡ്രാമ സ്കൂളിൽ പഠിക്കുമ്പോൾ നാടകം സംവിധാനം ചെയ്തിട്ടുണ്ട്.
അങ്ങനെയാണ് സംവിധാനം. ഞാൻ ഒറ്റയ്ക്ക് ചെയ്ത നാടകമല്ല. എല്ലാവരുടെയും കൂട്ടായ്മയുണ്ട്. നാടകങ്ങൾ ഇനിയും ചെയ്യണം. സിനിമയിൽ എന്റെ ചുറ്റും ഒരുപാട് മികച്ച സംവിധായകരുണ്ട്. അവരോടൊപ്പം എന്നെങ്കിലും പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. പകുതിയുടെ പകുതി പേരോടൊപ്പം പോലും ഇതേവരെ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ആ സംവിധായകർ നല്ല സിനിമകൾ ചെയ്യുന്നു. അതിന്റെ ഭാഗമാകണം. അഭിനയം ഏറെ ആസ്വദിക്കുന്നു.
നായകൻ, സ്വഭാവനടൻ, പ്രതിനായകൻ, ഉൾപ്പെടെ വേഷപ്പകർച്ചകൾ .കോമഡി ചെയ്യാൻ ആഗ്രഹമുണ്ടോ?
എല്ലാം ചെയ്യാൻ ആഗ്രഹമുണ്ട്. കോമഡി ചെയ്യാൻ ഭയങ്കരമായ ആഗ്രഹം. ചെയ്യുന്ന സിനിമകളുടെ സ്വഭാവമാകാം കോമഡി തിരക്കഥകൾ വരാറില്ല.  എന്റെ സിനിമകൾ പ്രത്യേക തരമായി മാറി പോവരുതെന്ന് ആഗ്രഹമുണ്ട്. നൈറ്റ് ഡ്രൈവ് ചെയ്തതിന്റെ പ്രധാന കാരണം അതാണ്. ത്രില്ലർ ചിത്രമാണെങ്കിലും വൈശാഖേട്ടന്റെ കൊമേഴ്സ്യൽ ഫൺ എന്റർടെയ്നറാണ്. അത്തരം സിനിമ ഇതിനുമുൻപ് ഞാൻ തൊട്ടിട്ടില്ല. എന്നെ ആരും സങ്കല്പിച്ചിട്ടു പോലുമില്ല. എല്ലാത്തരം സിനിമയിലൂടെയും കടന്നുപോവാനാണ് ആഗ്രഹം.
ആലിയ ഭട്ടിനൊപ്പം ബോളിവുഡ് .വിക്രത്തിനൊപ്പം കോളിവുഡ് .എന്തു പഠിക്കാൻ സാധിച്ചു?
രണ്ടുപേരും സീനിയർ താരങ്ങളായതിനാൽ ചെറിയ കാര്യത്തിൽപോലും അറിവിന്റെ അംശം ഉണ്ടാവും. അത് കാണാൻ കഴിഞ്ഞു. എന്നാൽ അത് കണ്ട ഉടൻ പഠിച്ചു, നമ്മുടേതാക്കി കൊണ്ടുപോകുന്നത് പ്രാക്ടിക്കലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അവരെ പോലെ ആകണമെന്നും കഥാപാത്രത്തെ അവർ സമീപിക്കുന്ന വിധത്തിൽ ചെയ്യണമെന്നും തോന്നാം. എന്നാൽ ഒന്നും അടുത്ത ദിവസം മുതൽ നടപ്പാക്കാൻ കഴിയുന്നതല്ല. ആലിയയിലും വിക്രം സാറിലും ഇതേപോലെ ഒരുപാട് കാര്യമുണ്ട്. സംവിധായകൻ അജയ് ജ്ഞാനമുത്ത് രണ്ടര വർഷം കോബ്രയുടെ പിന്നിലുണ്ട്. കോവിഡ് തുടങ്ങി കഴിഞ്ഞാണ് ചിത്രീകരണം ആരംഭിച്ചത്. ഡേറ്റ് ക്ളാഷ് ഉൾപ്പെടെ പലവിധ പ്രതിസന്ധികൾ നേരിട്ടു. സിനിമയോട് അത്ര പാഷനോട് അജയ് ജ്ഞാനമുത്തു കാത്തുനിന്നു. വിക്രം സാർ ഉൾപ്പെടെ എല്ലാവരും ഒപ്പം . കോബ്ര തുടങ്ങിയപ്പോൾ എന്തായിരുന്നോ, അതിൽ നിന്നൊക്കെ മാറി എനിക്ക് പ്രിയപ്പെട്ട സിനിമയായി . ത്രില്ലർ ഡാർക് കോമഡി ചിത്രമാണ്  ഡാർലിംഗ്സ് . ഇതേവരെ ഞാൻ ചെയ്യാത്ത ഗണത്തിൽപ്പെട്ട സിനിമ. ആലിയ, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരെ ഏറെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. അനുരാഗ് സാറിന്റെ ചോക്കോഡ് ഒരു മലയാള സിനിമ പോലെ ചെയ്യാൻ കഴിയുന്നത്ര കംഫർട്ടായിരുന്നു. എന്നാൽ ഡാർലിംഗ്സ് അങ്ങനെയല്ല. പ്രതിഭാധനരായ മൂന്നുപേരോടും ഒപ്പം ഒരേ ഫ്രെയിമിൽ . അധികം സീനും അവരോടൊപ്പം .അതു രസം പകർന്നു.
പുതിയ പ്രതീക്ഷകൾ ?
പ്രതീക്ഷയുടെ ഭാരം അധികമാണ്. അതിനാൽ കൊണ്ടു നടക്കാറില്ല. റിലീസിന് മുൻപ് ടെൻഷനുണ്ട്. സിനിമയുടെ പ്രതീക്ഷകൾ ഒരുപാട് ഉണ്ടെങ്കിൽ ടെൻഷൻ കൂടും.  സിനിമ കണ്ട് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നും ചെയ്തത് മോശമാകരുതെന്നും മാത്രമേ ആലോചിക്കാറുള്ളൂ. വ്യക്തമായ കാരണം കൊണ്ട് ചെയ്ത സിനിമകളാണ് എല്ലാം. അപ്പോൾ സ്വാഭാവികമായും ആ സിനിമ പ്രേക്ഷകരിൽ എത്തുക തന്നെ വേണം.കൊത്ത് സിനിമയിൽ സിബി സാറിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഏറെ ആസ്വദിച്ചു.സെക്കന്റ് ഷെഡ്യൂൾ എനിക്ക് ഏറ്റവും നല്ല അനുഭവം തന്നു.ആദ്യ ഷെഡ്യൂൾ ഒാർമ്മകൾ മുഴുവൻ മാഞ്ഞുപോയി. ഞാൻ എന്തോ വലിയ കാര്യം ചെയ്തു എന്നല്ല. രഞ്ജിത് സാർ, ആസിഫിക്ക, നിഖില നല്ല ഒരു ടീം.ഒരു തെക്കൻ തല്ലു കേസ് പോലത്തെ സിനിമ ഇതിന് മുൻപ് മലയാളത്തിൽ എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല.ബിജു ചേട്ടൻ, പദ്മപ്രിയ, നിമിഷ, ശ്രീജിത്തേട്ടൻ, മധു ചേട്ടൻ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ പ്രത്യേകതയും സന്തോഷവുമുണ്ട്.
ഒരു തെക്കൻ തല്ലുകേസ് കഴിഞ്ഞു നിമിഷയോടൊപ്പം ചെയ്യുന്ന സിനിമയാണ് ചേര. ചതുരം എന്ന സിനിമ വരാൻ പോകുന്നു. സിനിമകൾ പ്രേക്ഷകർ കാണട്ടെ. കണ്ട് ഇഷ്ടപ്പെട്ടാൽ നന്നായിരുന്നു . അതാണ് പ്രതീക്ഷ.