
തിരുവനന്തപുരം: ' സ്ത്രീയുടെ ഉള്ളിലെ തീയറിയുക ' എന്ന ലക്ഷ്യത്തോടെ സൂര്യ ഫെസ്റ്റിവലിൽ പഞ്ചരത്ന വിമെൻ ടോക്ക് ഫെസ്റ്റിവൽ ഒരുക്കുന്നു. 28 മുതൽ ഏപ്രിൽ അഞ്ചുവരെ നടക്കുന്ന പരിപാടിയിൽ സ്വന്തം നിലപാടുകളാൽ സമൂഹത്തിൽ ശ്രദ്ധേയരായ വനിതകളുടെ സംവാദവും പ്രശസ്‌ത നർത്തകരുടെ നൃത്ത പരിപാടികളും അരങ്ങേറും.
28ന് വൈകിട്ട് 6.30ന് തൈക്കാട് ഗണേശത്തിൽ നടക്കുന്ന ടോക്ക് ഫെസ്റ്റിൽ നടി പാർവതി തിരുവോത്താണ് സംവദിക്കാനെത്തുക.
തുടർന്ന് ജാനകി രംഗരാജന്റെ ഭരതനാട്യം അരങ്ങേറും. ഏപ്രിൽ ഒന്നിന് യു. പ്രതിഭ എം.എൽ.എയുടെ സംവാദത്തിനുശേഷം മിനി പ്രമോദും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. രണ്ടിന് ബിസിനസ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബീന കണ്ണൻ സംവദിക്കുമ്പോൾ രചിത രവിയും സംഘവും മോഹിനിയാട്ടം അവതരിപ്പിക്കും. മൂന്നിന് ഫാത്തിമ തഹല്യ, നജ്മ തബ്ഷീറ, മുഫീദ തെൻസി തുടങ്ങിയവരാണെത്തുക. അന്നേദിവസം സ്‌മിത രാജന്റെയും സംഘത്തിന്റെയും മോഹിനിയാട്ടമുണ്ടാകും.
നാലിന് ഫിലിം ക്യൂറേറ്ററും നടിയുമായ അർച്ചന പദ്മിനിയെത്തും. അനുപമ മേനോനും സംഘവുമാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. അഞ്ചിന് കലാമണ്ഡലം അശ്വതിയും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടവും നടക്കും.