
കല്ലമ്പലം: എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങി തയ്യൽക്കാരനായ അച്ഛന് ഇരട്ടി മധുരം സമ്മാനിച്ച ഇരട്ട മക്കളുടെ തുടർ പഠനത്തിനായി നിർദ്ധനനായ പിതാവ് സഹായം തേടുന്നു. നാവായിക്കുളം കുടവൂർ വള്ളിച്ചിറ തിരുവാതിരയിൽ ശിവപ്രസാദിന്റെയും (കുട്ടൻ) ലിസയുടേയും ഇരട്ട മക്കളായ അരുണിന്റെയും, ആതിരയുടെയും പഠനത്തിനായാണ് സുമനസുകളുടെ സഹായം തേടുന്നത്. ഫുൾ എ പ്ലസ് നേടി നാട്ടുകാരുടേയും വീട്ടുകാരുടേയും അനുമോദനത്തിന് പാത്രമായെങ്കിലും തുടർ വിദ്യാഭ്യാസം നൽകാൻ തയ്യലിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് കുട്ടന് കഴിയുന്നില്ല.
പരസഹായമില്ലാതെ ഒന്നെഴുന്നേൾക്കാൻ പോലുമാകാത്ത കുട്ടന്റെ അമ്മയുടെ മരുന്നുകൾക്കും ചികിത്സയ്ക്കും തന്നെ മാസം നല്ലൊരു തുക ചിലവാകും. പിന്നെ വീട് വച്ച വകയിൽ നല്ലൊരു കടവുമുണ്ട്. അച്ഛന്റെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് ഒരാവശ്യങ്ങളും പറയാതെ പുസ്തകങ്ങൾ വരെ പഴയത് കരസ്ഥമാക്കിയും കൂട്ടുകാരിൽ നിന്ന് ചോദിച്ചു വാങ്ങിയുമാണ് പഠനത്തിൽ തിളക്കമാർന്ന വിജയം ഇരട്ടകൾ കൈവരിച്ചത്. നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
കോട്ടയം ഗവ.മെഡിക്കൽകോളേജിൽ ആതിരയ്ക്ക് ബി.എസ്.സി ഡയാലിസിസ് ടെക്നോളജിയിലും അരുണിന് ബി.എസ്.സി എം.എൽ.ടിയിലും പ്രവേശനം ലഭിച്ചെങ്കിലും ഫീസിനത്തിൽ വർഷത്തിൽ ഇരുവർക്കും കൂടി 45000 രൂപ ചെലവാകും. ഹോസ്റ്റൽ ഫീസ് വേറെയും. നാലുവർഷം കൊണ്ടേ പഠനം പൂർത്തിയാകൂ. നന്നായി പഠിക്കുന്ന മക്കളെ നല്ല നിലയിലെത്തിക്കണമെന്നതാണ് കുട്ടന്റെ ആഗ്രഹം. പഠന സഹായത്തിനായി നാവായിക്കുളം ഐ.ഒ.ബി ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ശിവപ്രസാദ്.എസ്, അക്കൗണ്ട് നമ്പർ: 076501000080701, IFSC: IOBA0000765. ഫോൺ: 9961244758.