
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്നതിലേറെയും ഗവ. എൽ.പി, യു.പി അദ്ധ്യാപകർ, ഹെഡ്മാസ്റ്റർമാർ, ഹൈസ്കൂൾ അദ്ധ്യാപകർ, ഹയർ സെക്കൻഡറി സ്കൂളിലെ നോൺ ഹയർസെക്കൻഡറി അദ്ധ്യാപകർ, മിനിസ്റ്റീരിയൽ സ്റ്റാഫ്, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ സൂപ്രണ്ടുമാർ വരെയുള്ളവരുടെ പ്രശ്നങ്ങളടങ്ങിയ പരാതികൾ.
യു സെക്ഷനിലാണ് ഇത്തരം പരാതികൾ വരുന്നത്. ഒരു മാസത്തിലേറെ പഴക്കമുള്ള 4197 പരാതികളും, തുറന്നു പോലും നോക്കാത്ത 2662 പരാതികളുമാണ് യു സെക്ഷനിലുള്ളത്. കെട്ടിക്കിടക്കുന്നതിൽ രണ്ടാം സ്ഥാനം പി സെക്ഷനാണ്. വിദ്യാഭ്യാസ വകുപ്പിലെ പദ്ധതികൾ, പദ്ധതി നിർവഹണം, ബഡ്ജറ്റ് എന്നിവയാണ് ഈ സെക്ഷനിൽ നോക്കുന്നത്. തൊട്ടു പിന്നിലെ സി സെക്ഷനിൽ ഗസറ്റഡ് ഓഫീസർമാരുടെ വിഷയങ്ങളും. ഏറ്റവും കുറവ് ഫയലുകൾ പി.എസ് സെക്ഷനിലാണ്. വിവരാവകാശമടക്കമുള്ള വിഷയങ്ങൾ നോക്കുന്ന ഇൗ വിഭാഗത്തിൽ ഒരു മാസത്തിലേറെ പഴക്കമുള്ള 5 ഫയലുകളുണ്ട്. തുറന്നു നോക്കാത്ത 10 പരാതികളും. സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ 15000ത്തിലധികം ഫയലുകൾ തീർപ്പാക്കാൻ ശേഷിക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വിവിധ സെക്ഷനുകളിലെയും വിദ്യാഭ്യാസ വകുപ്പിലെ ഏജൻസികളുടെയും പരീക്ഷാഭവനിലെ ഉദ്യോഗസ്ഥരുടെയുമൊക്കെ യോഗം മന്ത്രി വിളിച്ചിരുന്നു. ഏപ്രിൽ 30 നകം സെക്രട്ടറിയേറ്റിലെ പെൻഡിംഗ് ഫയലുകൾ തീർപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി ഉത്തരവിട്ടു. ഒരു മാസത്തിലധികം പഴക്കമുള്ള 15,639 ഫയലുകളും, കവർ പോലും പൊട്ടിച്ചുനോക്കാത്ത 12,237 ഫയലുകളുമാണ് വിവിധ സെക്ഷനുകളിലുള്ളത്. കുടിശ്ശിക ഫയലുകൾ തീർപ്പാക്കുന്നതിനു പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ ഫയൽ അദാലത്ത് നടത്താൻ മന്ത്രി നിർദ്ദേശം നൽകി. അദാലത്തിനു ശേഷമുള്ള ഫയലുകളുടെ വിവരവും അത് തീർപ്പാക്കുന്നതിലുള്ള പ്രതിമാസ പുരോഗതിയും അറിയിക്കണം. പരീക്ഷാ ഭവനിൽ മേയ് അഞ്ചിന് അദാലത്ത് നടത്തും.