
തിരുവനന്തപുരം: സംസ്ഥാനത്ത് സാംസ്കാരിക വകുപ്പിന്റെ കീഴിൽ ഫിലിം ആർക്കൈവ്സ് സജ്ജമാക്കുന്നതിനുള്ള പദ്ധതി ഉടൻ . കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിലായിരിക്കും ആധുനിക സൗകര്യങ്ങളോടെയുള്ള ആർക്കൈവ്സ് നിർമ്മിക്കുക.
കോർപ്പറേഷന്റെ കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിൽ 32 സിനിമകളുടെ നെഗറ്റീവുകൾ ഉരുകി നശിച്ചതിനെ തുടർന്നാണ് ആർക്കൈവ്സ് നിർമ്മിച്ച് ഫിലിം വോൾട്ടിൽ സിനിമയുടെ പ്രിന്റുകൾ സൂക്ഷിക്കാനുള്ള ആലോചന സജീവമായത്. നേരത്തെ ചലച്ചിത്ര അക്കാഡമി ആർക്കൈവ്സ് സജ്ജമാക്കാൻ തീരുമാനിച്ചെങ്കിലും നടപ്പിലായില്ല.
സംവിധായകൻ ഷാജി എൻ. കരുൺ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായ ശേഷം 2019ലാണ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പഴയ പ്രിന്റുകൾ സംരക്ഷിക്കുന്നതിനുള്ള എ.സി ഫിലിം ബോൾട്ട് ഉണ്ടാക്കിയത്. നിലവിൽ മിക്ക സിനിമകളുടെയും അവകാശി ആരാണെന്ന് ആ സിനിമയുമായി ബന്ധപ്പെട്ടവർ കെ.എസ്.എഫ്.ഡി.സിയെ അറിയിക്കാത്തത് ഡിജിറ്റൈസേഷൻ ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് തടസ്സമാകുന്നുണ്ടെന്ന് എം.ഡി മായ പറഞ്ഞു. ചിത്രാജ്‌ഞലി പാക്കേജിൽ ചെയ്യുന്ന ചിത്രങ്ങളുടെ കോപ്പികളാണ് ഇവിടെയുള്ളത്. ഡിജിറ്റലാക്കിയതിനു ശേഷവും ബില്ലടച്ച് കോപ്പി വാങ്ങി പോകാത്തവരുണ്ട്. നോട്ടീസയച്ചാലും നിർമ്മാതാക്കൾ എത്താറില്ല.
വിവരാവകാശം തേടിയത്
മുൻ സ്റ്റുഡിയോ മാനേജർ
സംവിധായകൻ വി.ആർ.ഗോപിനാഥിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് 32 സിനിമകളുടെ നെഗറ്റീവുകൾ ഉരുകി നശിച്ചെന്ന് അറിയിച്ചത്. 2019നു മുമ്പ് ചിത്രാഞ്ജലിയിലെ സ്റ്റുഡിയോ മാനേജരായി ജോലി നോക്കിയിരുന്ന ആളാണ് വി.ആർ.ഗോപിനാഥ്. കുറച്ചു നാൾ എം.ഡിയുടെ ചുമതലയും ഉണ്ടായിരുന്നു. പ്രിന്റുകളുടെ സംരക്ഷണം സ്റ്റുഡിയോ മാനേജരുടെ കൂടി ചുമതലയാണെന്ന് കെ.എസ്.എഫ്.ഡി.സി അധികൃതർ വ്യക്തമാക്കുന്നത്. ഗോപിനാഥ് മാനേജരായിരുന്ന കാലത്ത് സിനിമകളുടെ പ്രിന്റുകൾ സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് ആരാഞ്ഞ് കത്തയച്ചിട്ടുണ്ടെന്ന് ചെയർമാൻ ഷാജി എൻ.കരുൺ പറഞ്ഞു.