തിരുവനന്തപുരം: നഗരസഭാ ബഡ്‌ജ‌റ്റ് ചർച്ചയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബഡ്‌ജറ്റുകൾ പ്രധാന വിഷയമായതോടെ തലസ്ഥാന വികസന ചർച്ച വഴിമുട്ടി. രാഷ്ട്രീയ ചർച്ചകൾ മുറുകിയതോടെ പലരുടെയും വാർഡുകളിൽ വേണ്ടതും ബഡ്ജറ്റിൽ ഇടം ലഭിക്കാത്തതുമായ പദ്ധതികളെപ്പറ്റി ചർച്ച നടന്നില്ലെന്നതാണ് സത്യം. ചർച്ചയിൽ സിൽവർ ലൈൻ പദ്ധതിയും സജീവമായിരുന്നു.

വികസനം മുന്നിൽക്കണ്ട ബഡ്ജറ്റെന്ന് മരാമത്ത് ചെയർമാൻ ഡി.ആർ. അനിൽ പറഞ്ഞപ്പോൾ തട്ടിക്കൂട്ട് പദ്ധതികളുൾപ്പെടുത്തിയുള്ള ബഡ്‌ജറ്റാണിതെന്ന് ബി.ജെ.പി കൗൺസിലർ തിരുമല അനിൽ പറഞ്ഞു. സിൽവർ ലൈനിനെ എതിർക്കുന്നത് എന്തിനാണെന്നും കഴക്കൂട്ടം ബൈപ്പാസിന്റെ വീതി കൂട്ടൽ, ടെക്നോപാർക്ക്, ഇൻഫോസിസ്, യു.എസ്.ടി ഗ്ളോബൽ എന്നീ ഐ.ടി പാർക്കുകൾക്കുവേണ്ടി സ്വന്തം സ്ഥലം വിട്ടുനൽകിയവരാണ് തലസ്ഥാന നിവാസികളെന്നും അവർക്ക് വികസനം ആവശ്യമായതുകൊണ്ടാണ് അങ്ങനെ ചെയ്‌തതെന്നും കൗൺസിലർ മേടയിൽ വിക്രമൻ പറഞ്ഞു. നഗരത്തിലെ തെരുവ് നായ ശല്യത്തിന് ബഡ്‌ജറ്റിൽ തുക അപര്യാപ്‌തമാണെന്ന് ആക്കുളം കൗൺസിലർ സുരേഷ് കുമാർ വ്യക്തമാക്കി.

സമാധാന നഗരത്തിന് ബഡ്ജറ്റിൽ തുക വകയിരുത്തുമ്പോൾ ലാ കോളേജിൽ പെൺകുട്ടിയെ വലിച്ചിഴിച്ച് മർദ്ദിച്ച കാര്യം ഓർക്കണമെന്ന് യു.‌ഡി.എഫ് കൗൺസിലർ മേരി പുഷ്പം പറഞ്ഞു. ആവർത്തനവും ഊതി വീർപ്പിച്ചതുമായ ബഡ്‌ജറ്റാണിതെന്ന് കൗൺസിലർ പി. അശോക് കുമാറും കരമന അജിത്തും പറഞ്ഞു. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നഗരത്തിൽ നടത്തുമ്പോഴും ബഡ്ജറ്റിന്റെ മുഖപ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കാത്ത നടപടിയിൽ ബി.ജെ.പി പ്രതിഷേധിച്ചു. ബഡ്ജറ്റിന്മേലുള്ള ചർച്ച ഇന്നും തുടരും. എല്ലാ ച‌ർച്ചയുടെ മറുപടിയും ഇന്ന് മേയർ ആര്യാ രാജേന്ദ്രൻ നൽകും.

പദ്ധതികൾ 10 വർഷം

മുമ്പുള്ളതെന്ന് ആക്ഷേപം

2010-2011, 2012- 2013 ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടക്കാതെ പോയ പദ്ധതികൾ പൊടി തട്ടിയെടുത്താണ് ഇപ്പോഴത്തെ ബഡ്ജറ്രിൽ ഉൾപ്പെടുത്തിയതെന്നാണ് ആക്ഷേപം. ജഗതി ഹാൾ, കുന്നുകുഴി അറവുശാല, മേയേഴ്സ് ട്രോഫി ഫുട്ബാൾ, ഷോപ്പിംഗ് കോംപ്ളക്സ്, നഗരസഭ പെട്രോൾ പമ്പ്, ഇറച്ചി മാലിന്യ സംസ്കരണശാല, വിളപ്പിൽശാല പരിസ്ഥി പഠനഗവേഷണകേന്ദ്രം, സ്നേഹക്കൂട്,വയോക്ളബ് തുടങ്ങിയ 10 വർഷം മുമ്പ് പ്രഖ്യാപിച്ച 50 പദ്ധതികൾ ഇപ്പോഴത്തെ ബഡ്‌ജറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആക്ഷേപം. അതേസമയം കഴിഞ്ഞ തവണ പ്രഖ്യാപിച്ച 147 പദ്ധതികളിൽ 20 ശതമാനത്തിൽ താഴെ മാത്രമേ നിർമ്മാണം ആരംഭിച്ചിട്ടുള്ളൂ.