
തിരുവനന്തപുരം:തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി സുലൈമാൻ,തലേക്കുന്നിൽ ബഷീറിന് തമ്പിയാണ്. 40 വർഷത്തിലേറെയായി ബഷീറിന്റെ ജീവിതത്തിന്റെ ഭാഗമാണ് സുലൈമാൻ.കൂടെപിറപ്പിനെപ്പോലെ ഒപ്പം നിന്ന ജോലിക്കാരന് ബഷീർ 5 സെന്റ് ഭൂമി എഴുതി നൽകി. വീട് വയ്‌ക്കാനുളള പണവും കൊടുത്തു.കൊവിഡ് കാലം കഴിഞ്ഞ് സുലൈമാന്റെ വീട് പണി നടക്കുന്നതിനിടെയാണ് ബഷീറിന്റെ വിയോഗം.വീട് പണി വേഗം പൂർത്തിയാക്കണമെന്ന് രണ്ട് ദിവസം മുമ്പും ബഷീർ സുലൈമാനോട് പറഞ്ഞിരുന്നു. ഗൃഹപ്രവേശത്തിന് കാത്തുനിൽക്കാതെ ബഷീർ പോയതിന്റെ വിഷമത്തിൽ സുലൈമാന്റെ നെഞ്ച് പിടയുകയാണ്. ഹൃദ്രോഗിയായ സുലൈമാന്റെ സകല ചികിത്സാചെലവും വഹിച്ചിരുന്നത് തലേക്കുന്നിൽ ബഷീറായിരുന്നു.
കുട്ടിക്കാലത്ത് വീട്ടുകാരോടൊപ്പം പ്രേംനസീറിന്റെ ചിറയിൻകീഴിലെ വീട്ടിൽ ജോലിക്ക് വന്നതാണ് സുലൈമാൻ.നസീറിന്റെ സഹോദരി സുഹ്‌റ ബഷീറിനെ വിവാഹം ചെയ്‌ത് തേമ്പാമൂട്ടിലേക്ക് വന്നപ്പോൾ സുലൈമാനേയും കൂടെ കൊണ്ടുവന്നു.അന്നുമുതൽ വീട്ടുകാര്യങ്ങളെല്ലാം നോക്കിയിരുന്നത് സുലൈമാനാണ്. വർഷങ്ങൾ പിന്നിട്ടപ്പോൾ സുലൈമാൻ ബഷീറിന് സഹോദരതുല്യനായി. സഹോദരസ്‌നേഹത്തോടെ ബഷീർ സുലൈമാനെ തമ്പിയെന്ന് വിളിച്ചുതുടങ്ങി. വീട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും സുലൈമാൻ അറിയപ്പെടുന്നത് തമ്പിയെന്നാണ്. 2013ൽ സുഹ്‌റ മരിച്ച ശേഷം ബഷീറിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും തമ്പി തന്നെ.
ഭാര്യയുടെ മരണശേഷമാണ് ബഷീർ സാർ അവശനായതെന്ന് സുലൈമാൻ പറയുന്നു.അവസാനകാലത്ത് പലകാര്യങ്ങളും ഓർമ്മയുണ്ടായിരുന്നില്ല.എന്നാൽ വീട്ടിൽ രാഷ്‌ട്രീയക്കാർ ആരുവന്നാലും അവരെയെല്ലാം കൃത്യമായി ഓർക്കുമായിരുന്നു.നല്ല ആരോഗ്യം ഉണ്ടായിരുന്നതുവരെയും അതിരാവിലെ എഴുന്നേറ്റ് പത്രം വായിക്കുമായിരുന്നു.ഉറട്ടിയും അപ്പവും കഞ്ഞിയുമൊക്കെയാണ് ഇഷ്‌ട ഭക്ഷണം.മട്ടനും ചിക്കനുമൊക്കെ കിട്ടിയാൽ സന്തോഷമായിരുന്നുവെന്നും സുലൈമാൻ പറഞ്ഞു.