sabari

തിരുവനന്തപുരം: കേന്ദ്രനിർദ്ദേശ പ്രകാരം എസ്റ്റിമേറ്റ് പുതുക്കി സമർപ്പിച്ചതോടെ ശബരിപാത യാഥാർത്ഥ്യമാവാൻ വഴിതുറന്നു.3347.35കോടിയാണ് പുതിയ എസ്റ്റിമേറ്റ്. 2017ൽ ഇത് 2815കോടിയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാൽ അന്തിമ തീരുമാനമെടുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയിൽ ഉറപ്പുനൽകിയിരുന്നു.

ശബരിപദ്ധതി പി.എം - ഗതിശക്തി മിഷനിൽ ഉൾക്കൊള്ളിക്കാനും സംസ്ഥാനം ശ്രമംതുടങ്ങി. ശബരി പാതയുടെ പകുതി ചെലവ് വഹിക്കാമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. റെയിൽവേയേക്കാൾ 20 % ചെലവു കുറച്ച് എൻജിനിയറിംഗ് പ്രൊക്യുർമെന്റ് കൺസട്രക്‌ഷൻ (ഇ.പി.സി) രീതിയിൽ നിർമ്മിക്കാമെന്നും കേരളം അറിയിച്ചു. ഭൂമിയേറ്റെടുക്കാൻ ഭൂമി വിലയുടെ 30 ശതമാ എസ്റ്റാബ്ലിഷ്മെന്റ് ചാർജായി റെയിൽവേ നൽകേണ്ടത് കേരളം വേണ്ടെന്നുവച്ചിട്ടുണ്ട്. 900കോടിയിലേറെ വേണം ഭൂമിയേറ്റെടുക്കാൻ. 2016ൽ അലൈൻമെന്റ് തയ്യാറാക്കിയ 70കിലോമീറ്റർ പാതയുടെ എസ്റ്റിമേറ്റ് പുതുക്കി നൽകിയപ്പോൾ ശേഷിക്കുന്ന 41കിലോമീറ്ററിൽ കൂടി ഫിസിക്കൽസർവേ നടത്താൻ നിർദ്ദേശിച്ചു. ഇവിടെ ചെറുവിമാനം ഉപയോഗിച്ച് ആകാശസർവേ (ലിഡാർ) നടത്തിയാണ് എസ്റ്റിമേറ്റ് പുതുക്കിയത്. ദക്ഷിണറെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസറുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന് കൈമാറും.

1997-98ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ശബരി പാതയിൽ അങ്കമാലി - കാലടി ഏഴ് കിലോമീ​റ്റർ പാതയാണ് ഇതുവരെ നിർമ്മിച്ചത്. കാലടി - എരുമേലി 104കിലോമീറ്റർ പാത നിർമ്മിക്കാനുണ്ട്. 264കോടി രൂപ റെയിൽവേ ചെലവാക്കിയിട്ടുണ്ട്. 20വർഷം മുൻപ് 900പേരുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. ഇവർക്ക് ഭൂമി വില്‌ക്കാനോ ഈട് വയ്ക്കാനോ കഴിയാത്ത അവസ്ഥയാണ്.

പാതവന്നാൽ ഗുണങ്ങളേറെ

മലയോര ജില്ലകളിൽ ട്രെയിൻ യാത്ര

ശബരിമല വികസനം

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ വികസിക്കും

 ടൂറിസത്തിനും ചരക്കുനീക്കത്തിനും വ്യാപാരത്തിനും ഗുണകരം

 പുനലൂർ വരെ നീട്ടിയാൽ തമിഴ്നാട്ടിലേക്ക് ബന്ധമാവും

 517കോടി- ശബരിപാത പ്രഖ്യാപിച്ചപ്പോൾ ചെലവ്

 3347.35കോടി- ഇപ്പോൾ കണക്കാക്കുന്ന ചെലവ്