തിരുവനന്തപുരം: സി.വി. ത്രിവിക്രമൻ സാംസ്‌കാരിക കേരളത്തിന്റെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നുവെന്നും സംഘാടനത്തിനുള്ള മികവും വയലാറിനോടുള്ള ആത്മാർത്ഥമായ അടുപ്പവും കാരണമാണ് 46 വർഷം വയലാർ ട്രസ്റ്റിനെയും അവാർഡിനെയും ഉന്നതിയിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന സി.വി. ത്രിവിക്രമന്റെ സ്‌മരണാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയലാർ ട്രസ്റ്റിന്റെയും ചേർത്തലയിലെ സ്‌മൃതിമണ്ഡപത്തിന്റെയും പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് കൂടുതൽ മെച്ചപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. മലയാളികളുടെ മനസിൽ വയലാറിന്റെ ഓർമ്മകളെ ഇന്നും ജ്വലിപ്പിക്കുന്നതിൽ വയലാർ ട്രസ്റ്റും ത്രിവിക്രമന്റെ നേതൃത്വവും പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് എം.കെ. സാനുമാസ്റ്റർ അഭിപ്രായപ്പെട്ടു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എം.എം. ഹസ്സൻ, ഡോ.പി.എസ്. ശ്രീകല, ശരത്ചന്ദ്ര വർമ്മ എന്നിവരും സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി അഡ്വ.ബി. സതീശൻ സ്വാഗതം പറഞ്ഞു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് പ്രൊഫ.ജി. ബാലചന്ദ്രൻ, ട്രസ്റ്റ് അംഗം ഗൗരിദാസൻനായർ എന്നിവരും ഓർമ്മകൾ പങ്കുവച്ചു. യോഗത്തിൽ ' ത്രിവിക്രമൻ സംഘാടനത്തിന്റെ ആൾരൂപം ' എന്ന ചെറു വീഡിയോ ചിത്രം പ്രദർശിപ്പിച്ചു.