പാലോട്: നന്ദിയോട് പഞ്ചായത്തിലെ നവോദയ വാർഡിൽ ചെറ്റച്ചൽ വലിയവിള, കൊച്ചുകരിയ്ക്കകം, പൊട്ടൻചിറ ഫാം പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാർ കാലങ്ങളായി വസ്തു സംബന്ധമായ കാര്യങ്ങൾക്കുവേണ്ടി കുറുപുഴ വില്ലേജ് ഓഫീസിനെയാണ് ആശ്രയിച്ചിരുന്നത്. ഈ പറഞ്ഞ സ്ഥലങ്ങൾ കുറുപുഴ വില്ലേജിന്റെ ഭാഗവുമാണ്. എന്നാൽ കുറച്ചുനാളായി ഈ പ്രദേശത്തെ ആൾക്കാർ വസ്തു സംബന്ധമായ കരം തീർക്കുന്നതിനും പോക്കുവരവിനും കുറുപുഴ വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ ഈ പ്രദേശങ്ങൾ തൊളിക്കോട് വില്ലേജിന്റെ ഭാഗമാണെന്ന് കുറുപുഴ വില്ലേജ് ജീവനക്കാർ പറയുന്നത്. എന്നാൽ തൊളിക്കോട് ചെല്ലുമ്പോൾ അവരുടെ ഭാഗമല്ലായെന്ന് പറയുന്നു. സാമ്പത്തികമായി വളരെയധികം പിന്നോക്കാവസ്ഥയിലുള്ള നിരവധി പേർ ഇതു മൂലം മാസങ്ങളായി ബുദ്ധിമുട്ടുന്നു. ഈ ഭാഗങ്ങൾ ഏത് വില്ലേജിന്റെ ഭാഗമാണെന്ന് ജനങ്ങളെ മുൻകൂട്ടി അറിയിയ്ക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും ഇല്ലാത്ത പക്ഷം വില്ലേജുകൾക്ക് മുന്നിൽ സമരം ആരംഭിക്കുമെന്നും നവോദയ വാർഡ് മെമ്പർ കടുവാച്ചിറ സനൽകുമാർ അറിയിച്ചു.