ചിറയിൻകീഴ്:ചിറയിൻകീഴുകാർക്ക് തലേക്കുന്നിൽ ബഷീർ ചിറയിൻകീഴ് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം.പി മാത്രമല്ല,ചിറയിൻകീഴിന്റെ മരുമകൻ കൂടിയാണ്.ചിറയിൻകീഴിന്റെ അഭിമാനമായ നിത്യഹരിത നായകൻ പ്രേംനസീറിന്റെ സഹോദരി സുഹ്റയെയാണ് തലേക്കുന്നിൽ ബഷീർ വിവാഹം കഴിച്ചിരിക്കുന്നത്.1975ലായിരുന്നു വിവാഹം.ചിറയിൻകീഴുമായി അന്ന് തുടങ്ങിയ ബന്ധം അവസാനം വരെയും അദ്ദേഹം തുടർന്നു.1984ൽ ചിറയിൻകീഴ് പാർലമെന്റ് മണ്ഡലത്തിൽ അഡ്വക്കേറ്റ് ജനറലായിരുന്ന കെ.സുധാകരനെ തോൽപ്പിച്ചാണ് ചിറയിൻകീഴിന്റെ ജനപ്രതിനിധിയായുളള തലേക്കുന്നിൽ ബഷീറിന്റെ പാർലമെന്ററി ജീവിതത്തിന്റെ തുടക്കം.പിന്നീട് ചിറയിൻകീഴിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. 89ൽ സുശീലാഗോപാലനെ തോൽപ്പിച്ച് രണ്ടാം പ്രാവശ്യവും ചിറയിൻകീഴിൽ നിന്ന് ലോക്‌സഭാംഗമായി.തുടർന്ന് 91ൽ സുശീലാഗോപാലനോടും 96ൽ സമ്പത്തിനോടും ഇവിടെ നിന്ന് പരാജയപ്പെട്ടെങ്കിലും ചിറയിൻകീഴുകാരുമായുള്ള ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു.ചിറയിൻകീഴ് പൗരാവലിയുടെ കൂട്ടായ്‌മയായ പ്രേംനസീർ സ്‌മൃതി സായാഹ്നത്തിലെ സ്ഥിരം സാന്നിദ്ധ്യമായി കൊവിഡ് കാലത്തിന് മുമ്പുവരെ അദ്ദേഹം ഉണ്ടായിരുന്നു.തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ പ്രേംനസീർ അനുസ്‌മരണ കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ ആർ‌.സുഭാഷും ജനറൽ കൺവീനർ എസ്.വി. അനിലാലും അനുശോചനം രേഖപ്പെടുത്തി. പ്രേംനസീർ ഫൗണ്ടേഷന്റെ അമരത്തും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു.