തിരുവനന്തപുരം: എൻജിനിയറിംഗ് കോഴ്സുകൾ കൂടുതൽ വൈവിധ്യവത്കരിക്കാനും നൈപുണ്യവത്കരിക്കാനും വ്യവസായ ബന്ധിതമാക്കാനും ലക്ഷ്യമിട്ട് സാങ്കേതിക സർവകലാശാലയിൽ ബോർഡ് ഒഫ് സ്‌കിൽസ് ആരംഭിക്കും. ഇതുസംബന്ധിച്ച് അക്കാഡമിക് കൗൺസിലും സിൻഡിക്കേ​റ്റും നൽകിയ ശുപാർശകൾ ബോർഡ് ഒഫ് ഗവേണൻസ് അംഗീകരിച്ചു. ബോർഡ് ഒഫ് സ്​റ്റഡീസിന്റെ മാതൃകയിലായിരിക്കുമിത്. എൻജിനിയറിംഗ്, സാങ്കേതിക, വ്യവസായ രംഗത്തെ പ്രഗത്ഭരാവും അംഗങ്ങൾ. സർവകലാശാലയുടെ ഇൻഡസ്ട്രി ഇന്നോവേഷൻ കൗൺസിലിന്റെ കീഴിലാവും പ്രവർത്തനം. നൈപുണ്യ പരിശീലനം എൻജിനിയറിംഗ് കോഴ്സുകളുടെയും പാഠ്യപദ്ധതിയുടെയും ഭാഗമാക്കുകയാണ് പ്രധാന ചുമതല. അഫിലിയേ​റ്റഡ് കോളേജുകളിൽ എൻ.ബി.എ അക്രഡി​റ്റേഷനുള്ള എൻജിനിയറിംഗ് ഡിപ്പാർട്ട്‌മെന്റുകൾക്ക് വിദേശ സർവകലാശാലകളുമായുള്ള ട്വിന്നിംഗ് പ്രോഗ്രാമുകൾക്ക് അനുമതി നൽകാനും ബോർഡ് ഒഫ് ഗവേണൻസ് തീരുമാനിച്ചു. ഇതിന് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം പ്രസിദ്ധീകരിക്കും. പരീക്ഷാ സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ 'ഗേ​റ്റ് ' മാതൃകയിൽ ഓൺലൈൻ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷകൾ തുടങ്ങും. പ്ലസ് ടു തലത്തിൽ ഗണിതശാസ്ത്രം പഠിച്ചിട്ടുള്ള ബിരുദധാരികൾക്ക് എം.സി.എ പ്രവേശനത്തിന് അപേക്ഷിക്കാവുന്ന തരത്തിൽ പ്രവേശനമാനദണ്ഡം പുതുക്കും. എ.ഐ.സി.ടി.ഇ നിർദ്ദേശിച്ച ഏഴാം പദ്ധതി ശുപാർശകൾ സർവകലാശാലയിലെ അഫിലിയേ​റ്റഡ് കോളേജുകളിൽ നടപ്പിലാക്കും. അദ്ധ്യാപകരുടെ സ്ഥാനക്കയ​റ്റത്തിന് ഡോക്ടറേ​റ്റും അംഗീകൃത ജേണലുകളിലെ പ്രബന്ധങ്ങളും നിർബന്ധമാകും. ആർക്കിടെക്ച്ചർ അദ്ധ്യാപകർക്ക് നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കൗൺസിൽ ഒഫ് ആർക്കിടെക്ച്ചർ മാനദണ്ഡം ബാധകമാക്കുവാനുള്ള ഉത്തരവ് നടപ്പാക്കും. അഫിലിയേ​റ്റഡ് കോളേജുകളിലെ സാങ്കേതിക ഇതര സ്‌കീമിൽ ഉൾപ്പെടുന്ന അദ്ധ്യാപകർക്ക് യു.ജി.സി റെഗുലേഷൻ ബാധകമാക്കും.