പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി പകൽ സമയങ്ങളിലും ആന, പന്നി, കാട്ടുപോത്ത്, കരടി, മ്ലാവ് തുടങ്ങിയ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നു. ഗ്രാമപ്രദേശങ്ങളിലും ആദിവാസി സെറ്റിൽമെന്റുകളിലുമാണ് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കടം വാങ്ങിയും ലോൺ തരപ്പെടുത്തിയും കൃഷിചെയ്ത കർഷകർ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. മുൻപ് ഇരുട്ട് വീണുതുടങ്ങിയാൽ മാത്രം കാടിറങ്ങുന്ന മൃഗങ്ങൾ നിലവിൽ പകലും നാട്ടിലിറങ്ങുന്നതും മനുഷ്യരെ ഉൾപ്പെടെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. മുൻപ് പന്നി മാത്രമായിരുന്നെങ്കിൽ ഇപ്പോൾ കരടി, കാട്ടുപോത്ത്, ആന എന്നിവയും ഭീഷണി ഉയർത്തുകയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പലരും ചികിത്സയിലാണ്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ പുളിച്ചാമല, ചൂടൽമൺപുറം തടത്തരികത്ത് വീട്ടിൽ റെജിക്കാണ് (42) ഗുരുതരമായി പരിക്കേറ്റത്. ഇയാൾ ചികിത്സയിലാണ്. ആടിന് തീറ്റ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇക്കഴിഞ്ഞ 12ന് ഇതേ കാട്ടുപോത്ത് വിതുരയിൽ രണ്ടുപേരെ ആക്രമിച്ചിരുന്നു. കൂടാതെ ഒരു കാറും തകർത്തു. നിരവധി തവണ വനപാലകരെ വിവരം അറിയിച്ചെങ്കിലും കാട്ടുപോത്തിനെ തിരികെ ഉൾകാട്ടിലേക്കയയ്ക്കാൻ യാതൊരു നടപടിയുമുണ്ടായില്ല എന്നാണ് നാട്ടുകാരുടെ പരാതി.

ഭീതിയോടെ ജനം

വന്യമൃഗങ്ങളെ ഭയന്ന് പകൽപോലും ഭീതിയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്. അടിയന്തരമായി വനപാലകരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പെരിങ്ങമ്മല പഞ്ചായത്തിലെ കോളച്ചൽ, മുത്തുക്കാണി, കൊന്നമൂട് എന്നിവിടങ്ങളിലെ കാട്ടുമൃഗ ശല്യത്തെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് സർക്കാർ 68 ലക്ഷം രൂപ ചെലവിൽ സൗരോർജവേലി നിർമ്മിച്ചിരുന്നു. ഇത് നശിപ്പിക്കപ്പെട്ട നിലയിലാണ്. നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്, കാലൻകാവ്, കുറുങ്ങണം, ദ്രവ്യംവെട്ടിയമൂല, കുറുപുഴ, താന്നിമൂട്, പുലിയൂർ, പെരിങ്ങമ്മല പഞ്ചായത്തിലെ പുന്നമൺവയൽ, വെളിയങ്കാല, വേങ്കൊല്ല, ശാസ്താംനട, ഇടിഞ്ഞാർ, മങ്കയം, മുത്തിക്കാണി, വെങ്കലകോൺ, കൊന്നമുട്, അരിപ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിട്ടുള്ളത്.

താണ്ടവമാടി കാട്ടുമൃഗങ്ങൾ

പാട്ടത്തിന് കൃഷിക്കായി കരാറടിസ്ഥാനത്തിൽ വസ്തു ഏറ്റെടുത്ത് കൃഷിയിറക്കിയ പല കർഷകരും കടക്കെണിയിലാണ്. കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നിക്കൂട്ടം എല്ലാത്തരം കൃഷിയും പാടേ നശിപ്പിക്കും. രണ്ട് ഏക്കറോളം വരുന്ന വാഴക്കൃഷി ആന നശിപ്പിച്ചപ്പോൾ കർഷകന് കിട്ടിയ നഷ്ടപരിഹാരം രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്. കർഷകന് ചെലവ് ഒരു ലക്ഷത്തോളം രൂപയാണ്. ആന കൃഷിയിടത്തിലേക്ക് ഇറങ്ങിയാൽ തെങ്ങ്, കുരുമുളക്, മരച്ചീനി എന്നുവേണ്ട കണ്ണിൽ കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെ കാട്ടിലേക്ക് മടങ്ങാറുള്ളൂ.