malayinkil

മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ 7 വർഷമായി ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ പിരിച്ച് വിടുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രസിഡന്റിനെ കാബിനിൽ തടഞ്ഞുവച്ചു. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഈ വിഷയം അജൻഡയിലുൾപ്പെടുത്തിയപ്പോൾത്തന്നെ ഭരണപക്ഷത്തെ എൽ.ജെ.ഡി അംഗങ്ങളായ ഒ.ജി.ബിന്ദുവും അജിതകുമാരിയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.പ്രതിപക്ഷ അംഗങ്ങൾ ഉടനെ ബഹളമുണ്ടാക്കി പ്രസിഡന്റ് എ.വത്സലകുമാരിയെ ഇന്നലെ രാവിലെ 11 മുതൽ തടഞ്ഞു വയ്ക്കുകയായിരുന്നു. 8 താത്കാലിക ജീവനക്കാരിൽ രണ്ട് പേർ ഒഴികെ മെറ്റെല്ലാവരെയും പിരിച്ച് വിടുന്നതിനാണ് പഞ്ചായത്ത് ഭരണസമിതി അജൻഡയിലുൾപ്പെടുത്തിയിരുന്നത്. ഓവർസീയർമാരായ ദീപ,അശ്വതി,ഡേറ്റ എൻട്രി ഓപ്പറേറ്റർ സൗമ്യ,ടെക്നിക്കൽ അസിസ്റ്റന്റുമാരായ ദീപ,പ്രീത,ബഡ്സ് സ്കൂൾ ഡ്രൈവർ വിഷ്ണു എന്നിവരെയാണ് പിരിച്ചുവിടാൻ ഒരുങ്ങുന്നത്.ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗീത,​അസിസ്റ്റന്റ് എൻജിനിയർ ജോയ് എന്നിവരെയാണ് നിലനിറുത്തിയിട്ടുള്ളത്.പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങളായ എൽ.അനിത,പ്രസന്നകുമാർ,അനിൽകുമാർ,കുമാരിശാന്ത,എം.ജി.സുര,സിന്ധു രാജേന്ദ്രൻ,ബി.ജെ.പി അംഗങ്ങളായ ഗിരീശൻ,എസ്.എസ്.കുമാർ,മനില എന്നിവരാണ് പ്രസിഡന്റിനെ തറയിൽ കുത്തിയിരുന്ന് തടഞ്ഞത്. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പകരം പുതിയ അപേക്ഷ ക്ഷണിക്കുന്നതിന് നേരത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച് നിയമപരമായി താത്കാലി ജീവനക്കാരെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിന് യാതൊരു അർത്ഥവും പ്രസക്തിയുമില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി അംഗവുമായ എസ്.സുരേഷ് ബാബു അറിയിച്ചു.