
വർക്കല: പുതിയ ചിന്തയുടെ വിപ്ലവമാണ് ചിത്രകല അടയാളപ്പെടുത്തുന്നതെന്നും അതുകൊണ്ടാണ് കല കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതായി പറയുന്നതെന്നും ചിത്രകാരൻ ബി.ഡി. ദത്തൻ പറഞ്ഞു. മലയാളത്തിലെ കലാമേഖലയിൽ ഭാവനയുടെ വേഗതയുണ്ടാകുന്നില്ല. എന്നാൽ അജി.എസ്.ആർ.എമ്മിന്റെ ചിത്രങ്ങൾ പുതിയ പ്രതീക്ഷ നൽകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ അജി.എസ്.ആർ.എമ്മിന്റെ ചിത്രരചനകളുടെ പ്രദർശനമായ ചിത്രക്കൂട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 72 അക്രലിക് പെയിന്റിംഗുകളുടെ പ്രദർശനമാണ് വട്ടപ്ലാംമൂട് വിശ്വാസ് ഓഡിറ്റോറിയത്തിൽ നടന്നത്. പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച അജി.എസ്.ആർ.എമ്മിന്റെ ആദ്യ നോവലായ മിഴാവൊലിയുടെ പ്രകാശനവും നടന്നു. സാഹിത്യ നിരൂപകൻ സുനിൽ.സി.ഇ, സിനിമാനടി സോണിയ മൽഹാറിന് നൽകി പ്രകാശനം നിർവഹിച്ചു.നഗരസഭാ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഭദ്രദീപം തെളിച്ചു. വി.ജോയി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. പ്രൊഫ.വി.എസ്. ലീ, ഡോ.കെ.സി.പ്രീത, ഡോ.ഷീബ, ഡോ.എൽ.തുളസീധരൻ, പി.കെ.സുമേഷ്, ഡി.വിപുനരാജ്, മോഹൻദാസ് എവർഷൈൻ എന്നിവർ സംസാരിച്ചു. പേപ്പർ പബ്ലിക്ക എഡിറ്റർ അൻസാർ വർണന സ്വാഗതവും അജി എസ്.ആർ.എം നന്ദിയും പറഞ്ഞു.