
പൂവാർ: കൊച്ചെടത്വാ എന്നറിയപ്പെടുന്ന പുതിയതുറ സെന്റ് നിക്കൊളാസ് ദേവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ അവലോകന യോഗം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്‌തു. ഏപ്രിൽ 29 മുതൽ മേയ് 8 വരെയാണ് തിരുനാൾ. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായി.
പൂവാർ, വിഴിഞ്ഞം, നെയ്യാറ്റിൻകര തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് സർവീസുകളുണ്ടാകും. പൊഴിയൂർ - അഞ്ചുതെങ്ങ് സർവീസ് ആരംഭിച്ചു. പൂവാർ, പുല്ലുവിള, കാഞ്ഞിരംകുളം, നെയ്യാറ്റിൻകര വരെയും പുതിയതുറ, ലൂർദുപുരം വഴി തിരുവനന്തപുരത്തേക്കും സർവീസ് ആരംഭിക്കാനും തീരുമാനിച്ചു.
കൂടുതൽ വനിതാ പൊലീസിനെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കാനും ഗതാഗതം നിയന്ത്രിക്കാനും ധാരണയായി. പൊതുമരാമത്ത്, വാട്ടർ അതോറിട്ടി, വൈദ്യുതി ബോർഡ് തുടങ്ങിയ വിഭാഗങ്ങൾ തിരുനാളിന് മുൻപ് അറ്റകുറ്റപ്പണികൾ തീർക്കും. എക്‌സൈസ് വിഭാഗം മയക്കുമരുന്നിനും അനധികൃത മദ്യക്കച്ചവടത്തിനും എതിരെ നടപടികൾ ഊർജിതമാക്കും. ഫയർഫോഴ്‌സും സജീവമായി രംഗത്തുണ്ടാകും. ആംബുലൻസ്, ഡോക്‌ടർ ഉൾപ്പെടെയുള്ളവരുടെ സേവനങ്ങൾ ഉറപ്പുവരുത്തും. തദ്ദേശ സ്ഥാപനമാണ് ആതിഥേയരാകുന്നത്.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ, ജില്ലാ പഞ്ചായത്തംഗം സി.കെ.വത്സലകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഡി.സുനീഷ്, എൽ. റാണി, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് എം. ചിഞ്ചു, വൈസ് പ്രസിഡന്റ് മധു, ഇടവക വികാരി സജു റോൾഡൻ, സഹവികാരി ഫാ. കെ.സി. ബിജോയ്, സെക്രട്ടറി റോബിൻ ഫ്രാൻസിസ്, ഉത്സവ കമ്മിറ്റി കൺവീനർ ജൂസ ക്രിസ്‌തുദാസ് തുടങ്ങിയവർ സംസാരിച്ചു.