തിരുവനന്തപുരം: തെക്കൻ കുരിശുമല 65-ാം മഹാതീർത്ഥാടനത്തിന് നാളെ കൊടിയേറും. 'വിശുദ്ധ കുരിശ് കൂട്ടായ്മ പ്രേഷിതശക്തി ' എന്ന സന്ദേശത്തിലൂന്നി ഏപ്രിൽ 3 വരെ ഒന്നാംഘട്ട തീർത്ഥാടനം നടക്കുമെന്ന് ഡയറക്ടർ ഡോ. വിൻസെന്റ് കെ.പീറ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകിട്ട് 6ന് തീർത്ഥാടന പതാക ഉയർത്തൽ, 6.30ന് സംഗമവേദിയിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ അദ്ധ്യക്ഷത വഹിക്കും. തമിഴ്നാട് ഐ.ടി മന്ത്രി മനോതങ്കരാജ് മുഖ്യസന്ദേശം നൽകും. ശശിതരൂർ എം.പി, എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, ഡോ.എസ്.വിജയധരണി, കെ.ആൻസലൻ, കെ.ജി. പ്രിൻസ്, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുക്കും.
28ന് വൈകിട്ട് 6ന് കുട്ടികളുടെ സിനഡും 29ന് വൈകിട്ട് 6ന് യുവജന സിനഡും സംഗമവേദിയിൽ നടക്കും. 30ന് വൈകിട്ട് 6ന് 'സിനഡാത്മകത മാനവികതയ്ക്ക് ' എന്ന വിഷയത്തിൽ നടക്കുന്ന ജനറൽ സിനഡ്, മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
31ന് വൈകിട്ട് കുരിശുമല സ്ഥാപകൻ ഫാ. ജോൺ ബാപ്റ്റിസ്റ്റ് അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ജി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിക്കും. എം.വിൻസന്റ് എം.എൽ.എ, ഫാ.മാനുവേൽ കരിപ്പോട്ട്, ജെ.ഷെൻകുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഏപ്രിൽ 1ന് വൈകിട്ട് 6ന് നടക്കുന്ന വിശ്വസഹോദര്യസംഗമം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ഫാ.ഷാജ്കുമാർ അദ്ധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ, ഐ.ബി.സതീഷ് എം.എൽ.എ, ഡോ. ജോർജ് ഓണക്കൂർ, സ്വാമി അശ്വതി തിരുനാൾ, ജനാബ് പൂവച്ചൽ ഫിറോസ് ഖാൻ ബാഖ്‌വി, ജെ. ജയരാജ് തുടങ്ങിയവർ പങ്കെടുക്കും.
2ന് നടക്കുന്ന തീർത്ഥാടന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. കന്യാകുമാരി എം.പി വിജയ് വസന്ത്, എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, വി.കെ.പ്രശാന്ത്, ജി.സ്റ്റീഫൻ, ദളവായ് സുന്ദരം (കന്യാകുമാരി), രാജേഷ്‌കുമാർ (കിള്ളിയൂർ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും. 3ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് തീർത്ഥാടന പതാകയിറക്കൽ.
രണ്ടാംഘട്ട തീർത്ഥാടനവും വിശുദ്ധവാര തിരുകർമ്മങ്ങളും ഏപ്രിൽ 10 മുതൽ 16 വരെ നടക്കും. ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് ഫാ. രതീഷ് മാർക്കോസും പെസഹാ വ്യാഴത്തിലെ പാദക്ഷാളന ദിവ്യബലിക്ക് ഫാ. അരുൺ കുമാറും നേതൃത്വം നൽകും. ദുഃഖവെള്ളിയാഴ്ച പീഢാനുഭവ സ്മരണ കർമ്മങ്ങൾക്ക് വിൻസന്റ് കെ. പീറ്ററും വലിയ ശനിയാഴ്ച തിരുകർമ്മങ്ങൾക്ക് ഫാ. അരുൺകുമാറും നേതൃത്വം നൽകും.