ഉഴമലയ്ക്കൽ: ഉത്പാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം നൽകി 26,12,84,400രൂപയുടെ വരവും 26,19,55,000രൂപയുടെ ചിലവും 15,43,987രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശേഖരൻ അവതരിപ്പിച്ചു.
ഉത്പാദന മേഖലയിലെ കാർഷിക സംരക്ഷണ-മത്സ്യകൃഷിയ്ക്ക് 65ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്ക് ആറ് ലക്ഷം, കലാ സാംസ്ക്കാരിക യുവജന ക്ഷേമത്തിന് അഞ്ച്ലക്ഷം, ആരോഗ്യ കുടിവെള്ള ശുചിത്വ മേഖലയ്ക്ക് 85ലക്ഷം, ഭവന നിർമ്മാണത്തിനായി 70ലക്ഷം, സാമൂഹികക്ഷേമ പരിപാടികൾക്ക് 3526905രൂപ, പട്ടികജാതി വികസനത്തിന് 3941000രൂപ, തൊഴിലുറപ്പ് 12കോടി, പശ്ചാത്തല മേഖലയിൽ എല്ലാ വാർഡുകളിലേയും റോഡുകളുടെ നിർമ്മാണത്തിനും മെയിന്റനൻസിനും തുക വകയിരുത്തിയിട്ടുണ്ട്. പുതുക്കുളങ്ങര പഞ്ചായത്ത് മാർക്കറ്റ് പ്രധാന കച്ചവട കേന്ദ്രമാക്കാനും ജൈവച്ചന്ത യാഥാർത്ഥ്യമാക്കാൻ മൂന്ന് ലക്ഷം, മുഴുവൻ അങ്കണവാടി കെട്ടിടങ്ങളിലെ ക്ലാസ് മുറികൾ സ്മാർട്ട്ക്ലാസ് ആക്കുന്നതിന് പ്രാഥമികമായി അഞ്ച് ലക്ഷം, കുറ്ററ വെള്ളച്ചാട്ടത്തിന്റെ പ്രാഥമിക ഘട്ടത്തിനായി ഒരു ലക്ഷം, ചക്രപാണിപുരം സ്റ്റേഡിയം നവീകരണത്തിന് അഞ്ച് ലക്ഷം, ആയുർവ്വേദ ആശുപത്രിയിൽ യോഗ സെന്റർ സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം, കാരനാട് കുളം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണത്തിനും ചിറ്റാർ പുഴയുടെ നവീകരണത്തിനുമായി രണ്ട് കോടി, ഹരിതകർമ്മസേനയ്ക്ക് ഗുഡ്സ് ഓട്ടോ വാങ്ങുന്നതിന് അഞ്ച്ലക്ഷം, പുതിയ പഞ്ചായത്ത് മന്ദിരത്തിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിന് അഞ്ച്ലക്ഷം, കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് സൗകര്യത്തിനും കിടത്തിചികിത്സയ്ക്ക് മൂന്ന് ലക്ഷം, അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ ഒരു ലക്ഷം എന്നിങ്ങനെ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ബഡ്ജറ്റ് യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, വിവിധ സ്റ്റാന്റിംൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.