തിരുവനന്തപുരം: സൈക്കിളിൽ നിന്ന് വീണതും തെങ്ങിൽ നിന്ന് വീണതും വാഹനാപകടങ്ങളാക്കി മാറ്റി കേസെടുത്ത് വ്യാജരേഖകളുണ്ടാക്കി വൻതുക ഇൻഷ്വറൻസ് ക്ലെയിമായി തട്ടിയെടുത്ത സംഭവത്തിൽ തലസ്ഥാനത്തെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം.
പൂജപ്പുര,കഴക്കൂട്ടം,തുമ്പ,വഞ്ചിയൂർ സ്റ്റേഷനുകളിൽ ഇത്തരം വ്യാജ കേസുകളുണ്ടെന്നാണ് കണ്ടെത്തൽ. ഇൻഷ്വറൻസ് കമ്പനികളാണ് വിവരം കൈമാറിയത്. മ്യൂസിയം,തമ്പാനൂർ,ട്രാഫിക് സ്റ്റേഷനുകളിൽ നേരത്തേ തട്ടിപ്പ് കണ്ടെത്തിയിരുന്നു. 12 കേസുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സിറ്റി ട്രാഫിക് സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാർ, അപകടത്തിൽപ്പെട്ടെന്ന് വ്യാജ പരാതി നൽകിയവർ, ഒരു അഭിഭാഷകൻ എന്നിവരെ പ്രതികളാക്കിയിട്ടുണ്ട്.
50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേതായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്രുകൾ ഹാജരാക്കിയും ഇൻഷ്വറൻസ് തുക തട്ടിയെടുത്തിട്ടുണ്ട്. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തങ്ങളുടെ പേരിൽ വ്യാജ രേഖകൾ കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ മൊഴി.